'ശമ്പളം നൽകാൻ എല്ലാക്കാലവും സർക്കാരിന് കഴിയില്ല'; ഗതാഗത മന്ത്രിയെ അനുകൂലിച്ച് ധനമന്ത്രി

google news
Transport Minister

തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രതിസന്ധി രൂക്ഷമായതിന്റെ പശ്‌ചാത്തലത്തിൽ ഗതാഗത മന്ത്രി ആന്റണി രാജു നടത്തിയ പ്രസ്‌താവനയെ അനുകൂലിച്ച് ധനമന്ത്രി കെഎൻ ബാലഗോപാൽ. വകുപ്പ് മന്ത്രിയായ ആന്റണി രാജു പറഞ്ഞത് സർക്കാരിന്റെ കൂട്ടായ തീരുമാനമാണെന്നും വിഷയം ഗൗരവമായി ചർച്ച ചെയ്യണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു.

ജീവനക്കാർക്ക് ശമ്പളത്തിനുള്ള പണം നൽകാൻ എല്ലാക്കാലത്തും സർക്കാരിന് കഴിയില്ലെന്നും, സ്‌ഥാപനം സ്വയം പണം കണ്ടെത്തണമെന്നുമുള്ള ഗതാഗതമന്ത്രിയുടെ പ്രസ്‌താവനയാണ് ധനമന്ത്രി ഇപ്പോൾ അനുകൂലിച്ചിരിക്കുന്നത്. ടോൾ പ്ളാസയിൽ പോലും കെഎസ്ആർടിസിക്ക് 30 കോടി രൂപയുടെ ബാധ്യതയുണ്ട്. ആ നിലക്ക് സർക്കാരിന്റെ നിലപാടാണ് ഗതാഗത മന്ത്രി പറഞ്ഞതെന്നും ധനമന്ത്രി ആവർത്തിച്ചു.

എല്ലാക്കാലവും കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ സർക്കാരിന് ആകില്ലെന്നും, പൊതുമേഖലാ സ്‌ഥാപനങ്ങൾ ശമ്പളം കൊടുക്കാനടക്കമുള്ള വരുമാനം സ്വയം കണ്ടെത്തണം എന്നുമായിരുന്നു ആന്റണി രാജുവിന്റെ പരാമർശം. തൊഴിലാളി യൂണിയനുകളുമായി തലസ്‌ഥാനത്ത് നടത്തിയ ചർച്ചക്ക് തൊട്ടുമുമ്പായിരുന്നു മന്ത്രിയുടെ പ്രസ്‌താവന. ഇക്കാര്യം മന്ത്രി ഇന്നും ആവർത്തിച്ചിരുന്നു.

ശമ്പളം കൊടുക്കേണ്ടത് മാനേജ്‌മെന്റ് ആണെന്നും എല്ലാ ചിലവും വഹിക്കാൻ സർക്കാരിന് ആവില്ലെന്നും മന്ത്രി വ്യക്‌തമാക്കി. കെഎസ്ആർടിസിക്കുള്ള സർക്കാർ സഹായം തുടരും. എന്നാൽ, മുഴുവൻ ചിലവും ഏറ്റെടുക്കാനാവില്ല. എല്ലാ പൊതുമേഖലാ സ്‌ഥാപനങ്ങളും സ്വയം വരുമാനം കണ്ടെത്തി ചിലവ് നടത്തണമെന്നും മന്ത്രി പറഞ്ഞു. അതിനിടെ ഈ മാസം 28ന് പണിമുടക്ക് നടത്താനുള്ള തീരുമാനത്തിൽ നിന്ന് കെഎസ്ആർടിസി തൊഴിലാളി സംഘടനകൾ പിൻമാറി.

ഗതാഗത മന്ത്രിയുമായി ഈ മാസം 25ന് ചർച്ച നടത്താമെന്ന തീരുമാനം വന്ന സാഹചര്യത്തിലാണ് തീരുമാനം. എന്നാൽ, മെയ് ആറിലെ പണിമുടക്കിൽ മാറ്റമില്ലെന്ന് ടിഡിഎഫ് അറിയിച്ചിട്ടുണ്ട്. അതേസമയം, ശമ്പളത്തിന് 20 ഡ്യൂട്ടി വേണമെന്ന ഉത്തരവ് മരവിപ്പിച്ചു. 12 മണിക്കൂർ പാറ്റേൺ നിർദ്ദേശവും റദ്ദാക്കി. ശമ്പള വിതരണത്തിന്റെ കാര്യത്തിൽ കെഎസ്ആർടിസി മാനേജമെന്റിന്റെ ഭാഗത്ത് നിന്ന് ഉറപ്പൊന്നും ലഭിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് മെയ് ആറിലെ പണിമുടക്കിൽ മാറ്റമില്ലെന്ന് ടിഡിഎഫ് അറിയിച്ചത്.

Tags