ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ 50 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി

google news
gold

പാലക്കാട് : മതിയായ രേഖകളില്ലാതെ ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് ട്രെയിനില്‍ കടത്തിയ സ്വര്‍ണം പിടികൂടി. ചെന്നൈ-മംഗലാപുരം എക്‌സ്പ്രസിന്റെ എസ് 11 കമ്പാര്‍ട്ട്‌മെന്റില്‍ ഉണ്ടായിരുന്ന തൃശൂര്‍ ചോരൂര്‍ സ്വദേശി സനോജി(39)ല്‍ നിന്നാണ് 972.210 ഗ്രാം സ്വര്‍ണം പാലക്കാട് ആര്‍.പി.എഫ്. പിടികൂടിയത്. 871 ഗ്രാം 24 കാരറ്റ് തങ്ക കട്ടിയും 100 ഗ്രാം സ്വര്‍ണ ആഭരണങ്ങളുമാണ് കടത്തിയത്. പിടികൂടിയ സ്വര്‍ണത്തിന് പൊതു വിപണിയില്‍ 50 ലക്ഷത്തോളം രൂപ വില വരും.

സ്വര്‍ണം കൊണ്ടുവരുന്നതിന് ആവശ്യമായ യാതൊരു രേഖകളും ഇയാളുടെ കൈവശം ഉണ്ടായിരുന്നില്ല. ചെന്നൈയില്‍നിന്ന് കോഴിക്കോട്ടേക്കാണ് ടിക്കറ്റ് എടുത്തിരുന്നത്. സ്വര്‍ണം തൃശൂര്‍ ഭാഗത്തേക്ക് കൊണ്ടുപോകാന്‍ വേണ്ടി കൊണ്ടുവന്നതാണെന്ന് കൂടുതല്‍ ചോദ്യംചെയ്തതില്‍ അറിയാന്‍ കഴിഞ്ഞതായി അധികൃതര്‍ പറഞ്ഞു.

പിടിച്ചെടുത്ത സ്വര്‍ണം ജി.എസ്.ടി. എന്‍ഫോഴ്‌സ്‌മെന്റ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് കൈമാറി. പാലക്കാട് ആര്‍.പി.എഫ്. കമാന്‍ഡന്റ് ജെതിന്‍ ബി. രാജിന്റെ നിര്‍ദേശപ്രകാരം സി.ഐ. സൂരജ് എസ്. കുമാര്‍, എസ്.ഐ. യു. രമേഷ് കുമാര്‍, എ.എസ്.ഐ.മാരായ സജി അഗസ്റ്റിന്‍, സാജുകുമാര്‍ എന്നിവരാണ് പരിശോധന സംഘത്തില്‍ ഉണ്ടായിരുന്നത്.
 

Tags