സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും ഗോഡൗണുകള്‍ : മന്ത്രി ജി. ആര്‍. അനില്‍

google news
പത്തനംതിട്ടയിലെ ഭക്ഷ്യ പൊതുവിതരണ ഗോഡൗണില്‍ മന്ത്രി ജി.ആര്‍ അനില്‍ മിന്നൽ പരിശോധന നടത്തി

കൊല്ലം : സംസ്ഥാനത്തെ മുഴുവന്‍ താലൂക്കുകളിലും ആധുനികവത്ക്കരിച്ച സപ്ലൈകോ ഗോഡൗണുകള്‍ സ്ഥാപിക്കുമെന്ന് ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആര്‍ അനില്‍. സംസ്ഥാന സര്‍ക്കാരിന്റെ 100 ദിന കര്‍മ്മ പരിപാടികളുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തീകരിച്ച എന്‍.എഫ്.എസ്.എ ഗോഡൗണ്‍, സുഭിക്ഷാ ഹോട്ടല്‍ എന്നിവയുടെ ഉദ്ഘാടനം സപ്ലൈകോ മൈതാനിയില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

 ഭക്ഷ്യ പൊതുവിതരണ രംഗത്ത് സമൂലമായ മാറ്റമാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇതിന്റെ ഭാഗമായി മുഴുവന്‍ താലൂക്കുകളിലും ശാസ്ത്രീയ രീതിയില്‍ ആധുനികവത്ക്കരിച്ച ഗോഡൗണുകള്‍ നിര്‍മ്മിക്കും. ഒരു വര്‍ഷത്തിനുള്ളില്‍ 20 ഗോഡൗണുകള്‍ പൂര്‍ത്തീകരിക്കും. കൂടാതെ ഗോഡൗണുകളിലെല്ലാം ക്യാമറ സംവിധാനം, ഭക്ഷ്യസാധനങ്ങള്‍ സപ്ലൈകോ മാര്‍ക്കറ്റുകളില്‍ എത്തിക്കുന്ന വാഹനങ്ങളില്‍ ജി.പി.എസ് സംവിധാനം എന്നിവയും ഉറപ്പാക്കും.

 റേഷന്‍ വ്യാപാരികള്‍ക്ക് സര്‍ക്കാരിന്റെ 7.5 ലക്ഷം രൂപ വരെ ഇന്‍ഷുറന്‍സ് പരിരക്ഷ ലഭ്യമാക്കും. ഗ്രാമീണമേഖലകളിലുള്ള 1000 റേഷന്‍ കടകളും ഒരു വര്‍ഷത്തിനുള്ളില്‍ ആധുനികവത്ക്കരിക്കും. ഭക്ഷ്യ-പൊതുവിതരണ രംഗത്തേക്ക് മാത്രമായി 2000 കോടി രൂപയാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളതെന്നും മന്ത്രി പറഞ്ഞു.

 ശീതീകരിച്ച ഗോഡൗണുകള്‍ പരിഗണനയിലാണെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ. എന്‍ ബാലഗോപാല്‍. താലൂക്ക് സപ്ലൈ ഓഫീസ്, ദക്ഷിണ മേഖല റേഷനിങ് ഡെപ്യൂട്ടി കണ്‍ട്രോളര്‍ ഓഫീസ് എന്നിവ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കര്‍ഷകരില്‍ നിന്നും പച്ചക്കറി ഉള്‍പ്പെടെയുള്ള ഉത്പ്പന്നങ്ങള്‍ നേരിട്ട് ശേഖരിച്ച് വിതരണം നടത്തുന്നതിനായാണ് ശീതീകരിച്ച ഗോഡൗണ്‍ പരിഗണനയിലുള്ളത്. ഗുണനിലവാരമുള്ളതും പോഷക സമൃദ്ധവുമായ ഭക്ഷ്യധാന്യങ്ങള്‍ പൊതുജനങ്ങള്‍ക്ക് കൃത്യമായ അളവില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യം. അതിനായി ഡിജിറ്റല്‍ കാര്‍ഡ് സേവനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

 സപ്ലൈകോ കൊല്ലം ഡിപ്പോ കോമ്പൗണ്ടില്‍ 21162 ചതുരശ്രയടി വിസ്തീര്‍ണത്തിലാണ് പുതിയ ഗോഡൗണ്‍ നിര്‍മിച്ചിട്ടുള്ളത്. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി സുഭിക്ഷാ ഹോട്ടലില്‍ നിന്നും 20 രൂപയ്ക്ക് ഉച്ചഭക്ഷണം ലഭ്യമാകും.

 എം. നൗഷാദ് എം.എല്‍.എ അധ്യക്ഷനായി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയേല്‍, സപ്ലൈകോ ചെയര്‍മാന്‍ ആന്‍ഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. സഞ്ജീബ് പട്‌ജോഷി, പൊതുവിതരണ വകുപ്പ് കമ്മീഷണര്‍ ഡോ. സജിത് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Tags