കേരളത്തിനുള്ള അരിവിഹിതം വർധിപ്പിക്കണം: മന്ത്രി ജി.ആർ. അനിൽ കേന്ദ്ര ഭക്ഷ്യ മന്ത്രിയുമായി ചർച്ച നടത്തി

gr-anil

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ മന്ത്രി പിയുഷ് ഗോയലുമായി ഭക്ഷ്യ മന്ത്രി ജി.ആർ അനിൽ ഡൽഹിയിൽ ചർച്ച നടത്തി.സംസ്ഥാനത്തിനുള്ള അരി വിഹിതം വർധിപ്പിക്കണമെന്നു മന്ത്രി കേന്ദ്ര ഭക്ഷ്യമന്ത്രിയോട് ആവശ്യപ്പെട്ടു. പി.എം.ജി.കെ.എ.വൈ. പദ്ധതി പ്രകാരം കേന്ദ്ര സർക്കാർ സൗജന്യമായി വിതരണം ചെയ്തിരുന്ന 5 കിലോ ഭക്ഷ്യധാന്യം സംസ്ഥാനത്തെ മുൻഗണനാ കാർഡുടമകൾക്ക് വലിയ ആശ്വാസം പകർന്നിരുന്നു. പ്രസ്തുത പദ്ധതി നിർത്തലാക്കിയതിലൂടെ കേന്ദ്രസർക്കാർ സംസ്ഥാനങ്ങൾക്ക് നൽകി വന്നിരുന്ന ഭക്ഷ്യധാന്യ വിതരണം ഏകദേശം പകുതിയായി കുറഞ്ഞിരിക്കുകയാണ്. പി.എം.ജി.കെ.എ.വൈ പദ്ധതി നിർത്തലാക്കിയത് ഭക്ഷ്യധാന്യങ്ങളുടെ ഉല്പാദനത്തിൽ പിന്നാക്കം നിൽക്കുന്ന കേരളം പോലൊരു ഉപഭോക്തൃ സംസ്ഥാനത്തെ വളരെ ദോഷകരമായി ബാധിച്ചിട്ടുണ്ട്. മുൻഗണനാ കാർഡുടമകൾക്ക് 3 രൂപ നിരക്കിൽ നൽകിയിരുന്ന അരിയും 2 രൂപ നിരക്കിൽ നൽകിയിരുന്ന ഗോതമ്പും സൗജന്യമാക്കിയത് സ്വാഗതാർഹമാണെങ്കിലും ഭക്ഷ്യ ധാന്യങ്ങളുടെ അളവിൽ വർധന വരുത്താത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് ചർച്ചയിൽ മന്ത്രി ചൂണ്ടിക്കാട്ടി.

2016 നവംബറിൽ സംസ്ഥാനത്ത് നടപ്പിലാക്കിയ ഭക്ഷ്യ ഭദ്രതാ നിയമം നിലവിൽ വരുന്നതിന് മുമ്പ് പ്രതിവർഷം 16.25 ലക്ഷം മെട്രികി ടൺ ഭക്ഷ്യധാന്യങ്ങൾ കേന്ദ്രസർക്കാരിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ NFSA നിയമം സംസ്ഥാനത്ത് നടപ്പിലാക്കിയപ്പോൾ പ്രതിവർഷമുള്ള ഭക്ഷ്യധാന്യങ്ങളുടെ വിഹിതം 14.25 ലക്ഷം മെട്രിക് ടണ്ണായി വെട്ടിക്കുറയ്ക്കപ്പെട്ടു.  NFSA നിയമം നടപ്പിലാക്കിയതിലൂടെ റേഷൻ വിതരണ സംവിധാനത്തിൽ നിന്നും പുറത്താക്കപ്പെട്ട സംസ്ഥാനത്തെ 57% വരുന്ന ജനവിഭാഗത്തിന് നാമമാത്രമായെങ്കിലും അരി വിതരണം നടത്താൻ കഴിയുന്നത് കേന്ദ്രം അനുവദിച്ചു വരുന്ന ടൈഡ് ഓവർ അരി വിഹിതത്തിൽ നിന്നുമാണ്.

കേന്ദ്രം അനുവദിച്ചുവരുന്ന ടൈഡ് ഓവർ അരി വിഹിതത്തിൽ വർധനവ് വരുത്തണമെന്ന സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് നിലവിൽ അനുവദിച്ചു വരുന്ന ടൈഡ് ഓവർ വിഹിതം അപര്യാപ്തമായതിനാൽ, 2 ലക്ഷം മെട്രിക് ടൺ അരി കൂടി അധികമായി ടൈഡ് ഓവർ വിഹിതത്തിൽ അനുവദിക്കണമെന്ന് കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെടുകയും സെൻസസ് നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ടൈഡ് ഓവർ വിഹിതം വർധിപ്പിക്കുന്ന കാര്യം പരിഗണിക്കാമെന്നും കേന്ദ്ര മന്ത്രി അറിയിച്ചു.

സംസ്ഥാനത്തെ കർഷകർ ഉൽപ്പാദിപ്പിച്ച് സ്വകാര്യ മില്ലുകളിൽ സംസ്‌കരിച്ച് പൊതുവിതരണ ശൃംഖലയിലൂടെ വിതരണം ചെയ്യുന്ന ചമ്പാവരി സമ്പുഷ്ടീകരിക്കേണ്ടതില്ല എന്നാണ് സംസ്ഥാനത്തിന്റെ നിലപാടെന്ന് മന്ത്രി ജി.ആർ അനിൽ കേന്ദ്ര മന്ത്രിയെ ധരിപ്പിച്ചു. രാജ്യത്തിന്റെ പൊതുവിതരണ ശൃംഖലയിലുടെ സമ്പുഷ്ടീകരിച്ച അരി മാത്രമെ വിതരണം ചെയ്യാൻ പാടുള്ളു എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയം. എന്നാൽ സംസ്ഥാനത്തെ കർഷകർ ഉദ്പ്പാദിപ്പിക്കുന്ന ചമ്പാവരിയിൽ ആവശ്യത്തിന് അയൺ, ഫോളിക് ആസിഡ്, വിറ്റാമിനുകൾ എന്നിവ ഉണ്ട് എന്നാണ് കണ്ടെത്തിയിട്ടുള്ളത്. അതിനാൽ സമ്പുഷ്ടീകരിക്കേണ്ടതില്ല. എന്നാൽ സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്ര സർക്കാർ അംഗീകരിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ സംസ്ഥാനത്ത് ഉൽപ്പാദിപ്പിക്കുന്ന CMR-നെ സമ്പുഷ്ടീകരണ നടപടികളിൽ നിന്നും ഒഴിവാക്കുകയോ അല്ലാത്ത പക്ഷം ഇതിന് ആവശ്യമായ ചെലവ് കേന്ദ്രം വഹിക്കുന്നതിനോ നടപടി സ്വീകരിക്കണമെന്നും കേന്ദ്ര മന്ത്രിയോട് ആവശ്യപ്പെട്ടതായും ഭക്ഷ്യ മന്ത്രി അറിയിച്ചു.

നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകുവാനുള്ള 405 കോടി രൂപ, PMGKAY ഭക്ഷ്യധാന്യ വിതരണവുമായി ബന്ധപ്പെട്ട 51.34 കോടി രൂപ, പഞ്ചസാര വിതരണത്തിന്റെ സബ്‌സിഡിയുമായി ബന്ധപ്പെട്ട ക്ലയിമുകൾ എന്നിവ ഉടൻ അനുവദിക്കണമെന്ന് ഭക്ഷ്യ മന്ത്രി ആവശ്യപ്പെട്ടു. നെല്ല് സംഭരണവുമായി ബന്ധപ്പെട്ട് സപ്ലൈകോ സമർപ്പിച്ച രേഖകൾ പരിശോധനയിലാണെന്നും നടപടികൾ പൂർത്തീകരിച്ച് മുഴുവൻ തുകയും ഉടൻ ലഭ്യമാക്കാമെന്ന് കേന്ദ്ര മന്ത്രി അറിയിച്ചതായി ഭക്ഷ്യ മന്ത്രി പറഞ്ഞു.

Share this story