സാധനങ്ങള്‍ വാങ്ങി പണം ഓണ്‍ലൈനായി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ്; മൂന്നു പേര്‍ അറസ്റ്റില്‍

google news
arrest

കടകളില്‍ കയറി സാധനങ്ങള്‍ വാങ്ങി പണം നല്‍കാതെ തട്ടിപ്പ് നടത്തുന്ന സംഘം അറസ്റ്റില്‍. ഓണ്‍ലൈന്‍ ട്രാന്‍സ്ഫറിലൂടെ പണം നല്‍കാമെന്ന് പറഞ്ഞാണ് പ്രതികള്‍ തട്ടിപ്പ് നടത്തുന്നത്. കൂത്താട്ടുകുളം സ്വദേശി നിമില്‍ ജോസ്(22), പിറവം സ്വദേശികളായ ബിട്ടോ ബാബു(21), ശ്രീഹരി(23) എന്നിവരെയാണ് സെന്‍ട്രല്‍ പൊലീസ് അറസ്റ്റ് ചെയ്തത്. നഗരത്തിലെ പ്രമുഖ ബ്രാന്‍ഡുകളുടെ കടകളും, വാച്ച്, മൊബൈല്‍ കടകളും കേന്ദ്രീകരിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. 

സാധനങ്ങള്‍ വാങ്ങിയ ശേഷം കയ്യിലുള്ള എമറാള്‍ഡ് ക്രെഡിറ്റ് കാര്‍ഡ് സ്ഥാപനത്തില്‍ കൊടുക്കും. പണം പിന്‍വലിക്കാനുള്ള ശ്രമത്തിനിടെ സാങ്കേതിക പ്രശ്‌നം കാണിക്കുമ്പോള്‍ നെഫ്റ്റ് വഴി പണം അയക്കാം എന്ന് പറഞ്ഞ് പ്രതികള്‍ കടയില്‍ നിന്ന് അക്കൗണ്ട് വിവരങ്ങള്‍ ഉള്‍പ്പടെ വാങ്ങും. നേരത്തെ സെറ്റ് ചെയ്ത ആപ്ലിക്കേഷന്‍ വഴി ട്രാന്‍സാക്ഷന്‍ പൂര്‍ത്തിയാക്കിയതായി കാണിച്ചാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയിരുന്നത്. അക്കൗണ്ടില്‍ പണം എത്തിയിട്ടില്ലെന്ന് കടയിലെ ജീവനക്കാര്‍ മനസിലാക്കുമ്പോഴേക്കും പ്രതികള്‍ കടന്നിരിക്കും. കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണറുടെ നിര്‍ദേശ പ്രകാരം എറണാകുളം സെന്‍ട്രല്‍ അസിസ്റ്റന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags