വയനാട്ടില്‍ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു; അയല്‍വാസി അറസ്റ്റില്‍

murder

വയനാട്ടില്‍ അയല്‍വാസിയുടെ വെട്ടേറ്റ നാലുവയസുകാരന്‍ മരിച്ചു. പള്ളിക്കവല കുഴിമുക്ക് പാറയ്ക്കല്‍ ജയപ്രകാശിന്റെ മകന്‍ ആദിദേവ് ആണ് മരിച്ചത്. കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു കുട്ടിക്കും അമ്മ അനിലയ്ക്കും നേരെ ആക്രമണമുണ്ടായത്. 
ആദിദേവിനെ അങ്കണവാടിയിലേക്ക് കൊണ്ടുപോകുന്നതിനിടെ റോഡില്‍ വെച്ചാണ് ഇരുവര്‍ക്കും വെട്ടേറ്റത്. ഇവരുടെ അയല്‍വാസിയും ജയപ്രകാശിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ജിതേഷിനെ(45) പൊലീസ് അറസ്റ്റ് ചെയ്തു.
അനിലയ്ക്ക് തോളിനും പുറത്തും ആദിദേവിന് ഇടതുചെവിയുടെ ഭാഗത്തുമാണ് വെട്ടേറ്റത്. ഇരുവരെയും ഉടന്‍ തന്നെ മേപ്പാടി ഡി എം വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആദിദേവിന്റെ നില ഗുരുതരമായതിനെ തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ബിസിനസിലെ തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെ കാരണമെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. ജിതേഷിനെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുത്തു. ആക്രമണത്തിന് ഉപയോഗിച്ച ആയുധവും കണ്ടെത്തിയിട്ടുണ്ട്.
 

Share this story