വിൽപ്പനയ്ക്കായി അനധികൃതമായി കൊണ്ടുവന്ന ആനക്കൊമ്പുമായി നാലുപേർ തൃശ്ശൂരിൽ പിടിയിൽ

google news
ivory

തൃശ്ശൂർ: വിൽപ്പനയ്ക്കായി അനധികൃതമായി കടത്തിക്കൊണ്ടുവന്ന രണ്ട് ആനക്കൊമ്പുമായി നാലുപേരെ തൃശ്ശൂർ ഫോറസ്റ്റ് ഫ്ളൈയിങ് സ്‌ക്വാഡ് പിടികൂടി. ചെങ്ങന്നൂർ ഉണ്ണികൃഷ്ണവിലാസം വീട്ടിൽ കെ. മനോജ് (38), കൊല്ലം സ്വദേശി അനിൽകുമാർ (47), വടക്കാഞ്ചേരി ആലിംചിറയിൽ എ.കെ. ബാബു (61), കൊടകര സ്വദേശി ഉമേഷ് (46) എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് ആറാട്ടുപുഴ മന്ദാരക്കടവിന് സമീപത്തുനിന്നാണ് പ്രതികളെ പിടികൂടിയത്. ഇവരുടെ രണ്ട്‌ കാറുകളും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. തൃശ്ശൂരിൽ ആനക്കൊമ്പ് കൊണ്ടുവന്ന് വിൽപ്പന നടത്തുന്നുവെന്ന് തിരുവനന്തപുരം ഫോറസ്റ്റ് ഇൻറലിജൻസിന്റെ രഹസ്യവിവരം ലഭിച്ചതിനെത്തുടർന്ന് തൃശ്ശൂർ ഫ്ളൈയിങ് സ്‌ക്വാഡ് ജില്ലയിൽ പലയിടത്തും പരിശോധന നടത്തിവരുകയായിരുന്നു. ഇതിനിടയിലാണ് ആറാട്ടുപുഴയിലെത്തിയ സംഘത്തെപ്പറ്റി വിവരമറിയുന്നത്. ഇവരെ ഏറെനേരത്തെ നിരീക്ഷണത്തിനൊടുവിലാണ് പിടികൂടിയത്. ഇവിടെ ആനക്കൊമ്പ് വിൽക്കാനുള്ള ശ്രമത്തിലായിരുന്നെന്നും ഫ്ലൈയിങ് സ്‌ക്വാഡ് ഉദ്യോഗസ്ഥർ പറഞ്ഞു.

പ്രതികളെയും തൊണ്ടിമുതലും കാറുകളും പട്ടിക്കാട് റെയ്ഞ്ച് ഓഫീസർക്ക് കൈമാറി. പ്രതികളെ പിടികൂടിയ സംഘത്തിൽ റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ കെ.ടി. ഉദയൻ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ശശികുമാർ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എൻ.യു. പ്രഭാകരൻ, കെ. ഗിരീഷ്‌കുമാർ, പി.എസ്. സന്ദീപ്, ബേസിൽ ജേക്കബ്, ഡ്രൈവർ വി. പ്രദീപ് എന്നിവരുമുണ്ടായിരുന്നു.

Tags