സംസ്ഥാനത്തെ ആദ്യത്തെ കെ.എസ്.ആർ.ടി.സി ഫീഡർ സർവ്വീസ് 16 മുതൽ

google news
asdg


തിരുവനന്തപുരം; സംസ്ഥാനത്തെ  വാഹനപെരുപ്പം കുറയ്ക്കുക, കുറഞ്ഞ നിരക്കിൽ  പൊതുജനങ്ങൾക്ക് യാത്ര സൗകര്യം ഒരുക്കുക,  കൂടുതൽ  ചെറുപ്പക്കാർക്ക് തൊഴിൽ നൽകുകയെന്ന കെഎസ്ആർടിസിയുടെ നൂതനമായ പദ്ധതിയായ ഫീഡർ സർവ്വീസിന് 16 തീയതി തലസ്ഥാനത്ത് തുടക്കമാകും.   നഗരത്തിലെ റസിഡൻഷ്യൽ  ഏര്യകളിൽ  ഉള്ളവരെ പ്രധാന റോഡിൽ എത്തിക്കുന്നതിന് വേണ്ടിയും നഗരത്തിലെ വാഹനപ്പെരുപ്പം കാരണമുള്ള ഗതാഗതക്കുരുക്കുകൾ ഒഴിവാക്കുന്നതിനും വേണ്ടിയാണ് കെഎസ്ആർടിസി  ഈ നൂതന പദ്ധതി നടപ്പാക്കുന്നത്.

കേരളത്തിൽ നഗരങ്ങളിലും ചെറുപട്ടണങ്ങളിലുമുള്ള റസിഡൻഷ്യൽ ഏരിയകളിൽ നിന്നും പ്രധാന റോഡുകളിലേക്കും ബസ് സ്റ്റോപ്പുകളിലേക്കും എത്തുന്നതിന് നിലവിൽ ചെലവ് കുറഞ്ഞ പൊതു യാത്രാ സംവിധാനങ്ങൾ ലഭ്യമല്ലാത്ത സ്ഥിതി വിശേഷം ഉണ്ട്. ബസ് സർവ്വീസ് നടത്തുന്നതിന് ആവശ്യമായ വീതി പല റോഡുകൾക്കും ഇല്ലാത്തതിനാൽ തന്നെ വലിയ ബസ് ഉപയോഗിച്ചുള്ള സർവ്വീസ് ഈ റോഡുകളിൽ പ്രയോഗികവുമല്ല. ഇത്തരത്തിൽ കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പ് വരുത്താൻ കഴിയാത്തതിനാൽ സ്റ്റേജ് കാര്യേജ് സർവ്വീസ് നടത്തുന്ന ബസുകളിൽ യാത്രക്കാർ കുറയുകയും ഇരുചക്ര വാഹനമടക്കമുള്ള സ്വകാര്യ വാഹനങ്ങൾ ക്രമാതീതമായി പെരുകുകയും ചെയ്യുന്ന പ്രവണത കൂടിക്കൂടിവരുകയുമാണ്. കോവിഡ് കാലഘട്ടത്തിന് ശേഷം സ്വകാര്യ വാഹനങ്ങളുടെ എണ്ണത്തിൽ ഉണ്ടായ അമിതമായ പെരുപ്പം റോഡുകളിലെ ഗതാഗതക്കുരുക്കും അപകടങ്ങളും വർദ്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഇതിന് ഒരു പരിഹാരമായാണ് കുറഞ്ഞ ചെലവിൽ ഫസ്റ്റ് മൈൽ, ലാസ്റ്റ് മൈൽ കണക്ടിവിറ്റി ഉറപ്പാക്കുന്ന ഫീഡർ സർവ്വീമ്പുകൾ നടപ്പിലാക്കുന്നത്.

 സംസ്ഥാനത്തെ പൊതു ഗതാഗത രംഗത്തെ നവീകരിക്കേണ്ടത് അത്യാവശ്യമായി തീർന്നിരിക്കുന്നു. ചെലവു കുറഞ്ഞതും പരസ്പരം കോർത്തിണക്കിയതും വിവരസാങ്കേതിക വിദ്യയുടെ സഹായത്തോടെ നിയന്ത്രിക്കുകയും, വിവരങ്ങൾ യാത്രക്കാർക്കു നൽകുകയും ചെയ്യുന്ന ഒരു സംവിധാനം സൃഷ്ടിച്ചെടുക്കുന്നത് കേരളത്തിന്റെ പൊതു ഗതാഗത രംഗത്തും സമ്പദ് വ്യവസ്ഥയിലും വലിയ ചലനങ്ങൾ ഉണ്ടാക്കുകയും ചെയ്യും. കേരളത്തെപ്പോലെ മിക്കവാറും ഭൂപ്രദേശങ്ങൾ വിവിധ തരത്തിലുള്ള റോഡിനാൽ ബന്ധിപ്പിക്കപ്പെട്ട ഒരു സംസ്ഥാനത്ത് നഗരങ്ങളിലെ ഇടറോഡുകളെയും ഗ്രാമങ്ങളിലെ റോഡുകളെയും പ്രധാന ജില്ലാ, സംസ്ഥാന, ദേശീയ പാതകളുമായി ബന്ധപ്പെടുത്തുന്ന പൊതുഗതാഗത സംവിധാനങ്ങൾ 6 മുതൽ 24 സീറ്റുകൾ വരെയുള്ള വാഹനങ്ങൾ ഉപയോഗിച്ച് ഏർപ്പെടുത്തുകയും, ഏകീകൃത ടിക്കറ്റിംഗ്, ക്യാഷ്ലെസ് ടിക്കറ്റിംഗ്, ഏകീകൃത ട്രാവൽ കാർഡ് എന്നിവ ഉപയോഗിച്ച് പരസ്പര പൂരകമായി പ്രാവർത്തികമാക്കുകയും ചെയ്താൽ യാത്രക്കാർക്ക് കുറഞ്ഞ ചെലവിൽ ലാസ്റ്റ് മൈൽ, ഫസ്റ്റ് മൈൽ കണക്ടിവിറ്റി ലഭ്യമാവുകയും കൂടുതൽ യാത്രക്കാർ പൊതു ഗതാഗത സംവിധാനങ്ങൾ ഉപയോഗിക്കുകയും സ്വകാര്യ വാഹനങ്ങളുടെ ഉപയോഗം കുറയുകയും ചെയ്യും.  ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെ ഇത്തരം സംവിധാനങ്ങളുടെ സമയവിവരങ്ങളും യാത്രാ സാധ്യതകളും യാത്രക്കാർക്ക് തത്സമയം നൽകുന്നതിലൂടെ സമയബന്ധിതവും സുരക്ഷിതവും, ചെലവ് കുറഞ്ഞതുമായ യാത്രാ സൗകര്യം ഉറപ്പ് നൽകുകയും, അത് സ്വകാര്യ വാഹനങ്ങൾ ഉപേക്ഷിച്ച് പൊതു ഗതാഗത മാർഗ്ഗങ്ങൾ ഉപയോഗിക്കാൻ യാത്രക്കാരെ പ്രേരിപ്പിക്കുകയും ചെയ്യും. ദൈനം ദിന ഓഫീസ്, വാണിജ്യ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്ന ഇരുചക്ര വാഹന യാത്രക്കാരെ അടക്കം ഉദ്ദേശിച്ചാണ് ഫീഡർ സർവ്വീസ് ആരംഭിക്കുന്നത്. സിറ്റി സർക്കുലർ, ഫീഡർ സർവ്വീസുകളിൽ യാത്ര ചെയ്യുന്നതിന് ഇരുചക്ര വാഹന യാത്രയെക്കാളും കുറഞ്ഞ യാത്രാ ചെലവ് മാത്രമേ വരുന്നുള്ളൂ എന്നതാണ് പ്രധാന ആകർഷണം.

ആദ്യ ഘട്ടത്തിൽ കെ.എസ്.ആർ.ടി.സിക്ക് കുത്തകാവകാശമുള്ള പ്രദേശങ്ങളിലാണ് ഇത്തരം ഫീഡർ സർവീസുകൾ പുതുതായി ആരംഭിക്കുന്നത്. ഈ ബസുകളിലെ യാത്ര പൂർണ്ണമായും ട്രാവൽ കാർഡ് ഉപയോഗിച്ച് മാത്രമായിരിക്കും. ഈ ട്രാവൽ കാർഡ് ഉപയോഗിച്ച് സിറ്റി സർക്കുലർ, സിറ്റി ഷട്ടിൽ, സിറ്റി റേഡിയൽ സർവ്വീസുകളിലും യാത്ര ചെയ്യാൻ സാധിക്കും. സർവ്വീസ് നടത്തുന്ന പ്രദേശത്തെ റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് കാർഡിന്റെ വിതരണവും റീച്ചാർജ്ജിംഗും ലഭ്യമാക്കും. ഫീഡർ ബസുകളിലും കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷനുകളിലും കാർഡുകൾ റീച്ചാർജ്ജ് ചെയ്യാൻ സാധിക്കും. പ്രാരംഭമായി 100 രൂപയ്ക്ക് ചാർജ്ജ് ചെയ്താൽ 100 രൂപയുടെ യാത്രാ നടത്താൻ കഴിയും. 100 രൂപ മുതൽ 2000 രൂപ വരെ ഒരു ട്രാവൽ കാർഡിൽ റീച്ചാർജ്ജ് ചെയ്യാൻ സാധിക്കും. ട്രാവൽ കാർഡ് മറ്റുള്ളവർക്ക് കൈമാറ്റം ചെയ്ത് ഉപയോഗിക്കാനും സാധിക്കും. 250 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജ്ജുകൾക്ക് 10 % അധിക മൂല്യം ലഭിക്കുന്നതാണ്. ഒരു ഡ്രൈവർ കം കണ്ടക്ടറാണ് ബസിൽ ഉണ്ടാകുക, ടിക്കറ്റ് നൽകുന്നതിനായി പ്രത്യേകം കണ്ടക്ടറെ നിയോഗിക്കുന്നതല്ല. പൂർണ്ണമായും ട്രാവൽ കാർഡ് ഉപയോഗിച്ചായിരിക്കും യാത്ര, ഉടൻ തന്നെ ഫോൺ പേ വഴിയുളള QR കോഡ് ടിക്കറ്റിംഗും നടപ്പിലാക്കും. ഏകദേശം 7.5 കി.മി ദൂരം വരുന്ന 3 ഫെയർ സ്റ്റേജുകൾക്ക് 10 രൂപ മിനിമം ടിക്കറ്റ് നിരക്ക് വരുന്ന തരത്തിലാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. നിലവിൽ പരിഷ്ക്കരിച്ച ഒരു മിനി ബസ് ഉപയോഗിച്ചാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സർവ്വീസ് നടത്തുന്നത്. ബസിനുള്ളിലും പുറത്തും സി സി ടി വി ക്യാമറ, ഡാഷ് ക്യാമറ എന്നീ സുരക്ഷാ സംവിധാനങ്ങൾ ഉണ്ടാകും. രണ്ടാം ഘട്ടത്തിൽ 6 മുതൽ 25 സീറ്റർ വരെയുള്ള വാഹനങ്ങൾ ലീസ് വ്യവസ്ഥയിൽ കരാറിൽ ഏർപ്പെട്ട് വരുമാനം പങ്ക് വയ്ക്കുന്ന തരത്തിലോ ലൈസൻസ് ഫീ അടിസ്ഥാനത്തിലോ തിരഞ്ഞെടുത്ത ഏരിയകളിൽ സർവ്വീസ് നടത്തുന്നതും പരിഗണനയിലുണ്ട്. ധാരാളം യുവജനങ്ങൾക്ക് കെ.എസ്.ആർ.ടി.സിയുമായി കരാറിലേർപ്പെട്ട് സ്വയം തൊഴിൽ കണ്ടെത്താൻ സാധിക്കുകയും ചെയ്യും.

സംസ്ഥാനത്തെ ആദ്യ കെ.എസ്.ആർ.ടി.സി ഫീഡർ സർവ്വീസിന്റെ ഉദ്ഘാടനം ജനുവരി 16 തിങ്കളാഴ്ച്ച രാവിലെ 9 മണിക്ക്  മണികണ്ഠേശ്വരത്ത് വച്ച്  ഗതാഗത വകുപ്പ് മന്ത്രി അഡ്വ: ആന്റണി രാജു  നിർവ്വഹിക്കും.  വട്ടിയൂർക്കാവ് എം.എൽ എ അഡ്വ: വി.കെ പ്രശാന്ത് അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ  ട്രിഡ ചെയർമാൻ  കെ.സി വിക്രമൻ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും .

മണ്ണന്തല - കുടപ്പനക്കുന്ന് - എ.കെ.ജി നഗർ - പേരൂർക്കട - ഇന്ദിരാ നഗർ - മണികണ്ഠേശ്വരം - നെട്ടയം - വട്ടിയൂർക്കാവ് - തിട്ടമംഗലം - കുണ്ടമൺകടവ് - വലിയവിള - തിരുമല റൂട്ടിലാണ് ആദ്യ ഫീഡർ സർവ്വീസ് സർവ്വീസ് നടത്തുന്നത്. രാവിലെയും വൈകുന്നേരവുമാണ് പ്രധാനമായും ട്രിപ്പുകൾ ക്രമീകരിച്ചിരിക്കുന്നത്. എം.സി റോഡ്, തിരുവനന്തപുരം - നെടുമങ്ങാട് റോഡ്, കിഴക്കേകോട്ട - വട്ടിയൂർക്കാവ് റോഡ്, തിരുവനന്തപുരം - കാട്ടാക്കട റോഡ് എന്നിങ്ങനെ 4 പ്രധാന റോഡുകളെ റസിഡൻഷ്യൽ ഏരിയകളുമായി ബന്ധിപ്പിക്കുന്ന തരത്തിലാണ് ഈ ഫീഡർ സർവ്വീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ റൂട്ടിലെ 10 ഓളം റസിഡൻസ് അസോസിയേഷനുകളുടെ പങ്കാളിത്തത്തോട് കൂടിയാണ് ഈ ഫീഡർ സർവ്വീസ് നടപ്പിലാക്കുന്നത്. വട്ടിയൂർക്കാവ് എം.എൽ.എ അഡ്വ. വി.കെ പ്രശാന്തിന്റെ നേതൃത്വത്തിൽ റസിഡൻസ് അസോസിയേഷനുകളുടെ യോഗങ്ങൾ ചേരുകയും, ഫീഡർ സർവ്വീസുകളുടെ വിജയത്തിനായി ഗൃഹസന്ദർശനങ്ങൾ അടക്കം പൂർത്തിയാക്കിയിട്ടുണ്ട്. റസിഡൻസ് അസോസിയേഷനുകൾ മുഖാന്തിരം 2000 ട്രാവൽ കാർഡുകൾ വിതരണം നടത്തിയിട്ടുണ്ട്. പരീക്ഷണാടിസ്ഥാനത്തിൽ നിലവിൽ മിനി ബസ് ഉപയോഗിച്ച് ആരംഭിക്കുന്ന ഈ സർവ്വീസിൽ നിന്നും ലഭിക്കുന്ന വരുമാനത്തിന്റെ അടിസ്ഥാനത്തിൽ 6 സീറ്റർ മുതൽ 24 സീറ്റർ വരെയുള്ള വാഹനങ്ങൾ സ്വകാര്യ വ്യക്തികളിൽ നിന്ന് കെ.എസ്.ആർ.ടി.സി. ലീസിനെടുത്ത് സർവ്വീസ് നടത്തുന്ന ഒരു സ്വയം തൊഴിൽ സംരംഭം ആരംഭിക്കുന്നതിനുള്ള പദ്ധതിയും വിഭാവനം ചെയ്യുന്നുണ്ട്.

ഇത്തരത്തിൽ നഗരത്തിലെ മറ്റ് പ്രദേശങ്ങളായ വിശ്വംഭരൻ നഗർ, പൗഡിക്കോണം തുടങ്ങിയ പ്രദേശങ്ങളിലും ഫീഡർ സർവ്വീസ് ആരംഭിക്കുന്നതിനുള്ള സാധ്യതാ പഠനം നടത്തിവരുന്നു. ആദ്യ സർവ്വീസ് ഉദ്ഘാടനത്തിന് ശേഷം ഇത്തരത്തിൽ ഫീഡർ സർവ്വിസുമായി സഹകരിക്കാൻ താൽപ്പര്യമുള്ള റസിഡൻസ് അസോസിയേഷനുകളുമായി സഹകരിച്ച് ഈ പദ്ധതി കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതാണ്. ഫീഡർ സർവ്വീസുമായി സഹകരിക്കാൻ ആഗ്രഹിക്കുന്ന റസിഡൻസ് അസോസിയേഷനുകൾക്ക് ഫീഡർ സർവ്വീസുകളുടെ നോഡൽ ആഫീസറായ തിരുവനന്തപുരം സിറ്റി ക്ലസ്റ്റർ ഓഫീസറുമായി ബന്ധപ്പെടാവുന്നതാണ് - ഈ-മെയിൽ cty@kerala.gov.in (cty@kerala[dot]gov[dot]in)

Tags