കുട്ടികള്‍ സ്‌കൂളില്‍ എത്തിയതിനു ശേഷം അവധി : എറണാകുളം ജില്ലാ കലക്ടറോട് മാതാപിതാക്കളുടെ കലിപ്പ്
renu-raj


കൊച്ചി : ‘കലക്ടറെന്താ ഉറങ്ങിപ്പോയോ? പെരുമഴ കണ്ടില്ലാരുന്നോ’ രാവിലെ മിക്ക സ്കൂളിലെയും വിദ്യാർഥികൾ സ്കൂളിലെത്തിയ ശേഷം 8.25ന് അവധി പ്രഖ്യാപിച്ച എറണാകുളം ജില്ലാ കലക്ടറോടാണ് മാതാപിതാക്കളുടെ കലിപ്പ്. ‘ഇൻഎഫിഷ്യന്റ് കലക്ടർ’ എന്നു ചില മാതാപിതാക്കൾ. ‘വെങ്കിട്ടരാമന്റെ ബ്രാൻഡാണെന്നു തോന്നുന്നു’ എന്നു മറ്റു ചിലർ. കഷ്ടം. ‘ഇന്ന് ഈ പേജിൽ കുത്തിയിരുന്നു മടുത്താണു സ്കൂളിൽ വിട്ടത്’ എന്ന് ഏഞ്ചൽ റോസെന്ന യൂസർ. എന്തായാലും കമന്റ് ബോക്സ് നിറയെ എറണാകുളം ജില്ലാ കലക്ടർ ഡോ.രേണു രാജിനു പൊങ്കാല.

കഴിഞ്ഞ ദിവസം മഴ തോർന്നു നിൽക്കുന്നതു കണ്ടാണ് ഇന്ന് എറണാകുളം ജില്ല മുഴുവൻ അവധി പ്രഖ്യാപിക്കുന്നതിനു പകരം ജില്ലയുടെ കിഴക്കൻ മേഖലയിലെ ഏതാനും ഉപജില്ലകൾക്കു മാത്രം കലക്ടർ അവധി പ്രഖ്യാപിച്ചത്. ഇന്നു നേരം വെളുക്കും മുമ്പേ ജില്ലയിൽ മഴ കനത്തതോടെ സ്കൂളുകൾക്ക് അവധി പ്രഖ്യാപിക്കുമെന്ന പ്രതീക്ഷയിലായി വിദ്യാർഥികളും മാതാപിതാക്കളും. ഒടുവിൽ അവധി ഇല്ലെന്നു കണ്ടതോടെ വിദ്യാർഥികളെ ഒരുക്കി സ്കൂളിൽ വിടേണ്ടി വന്നു മാതാപിതാക്കൾക്ക്.

ഇന്നലെ മുതൽ വിദ്യാർഥികളും മാതാപിതാക്കളും കലക്ടറു പേജിൽ കയറി അഭ്യർഥന നടത്തിയിട്ടും അവധി പ്രഖ്യാപിച്ചത് 8.25ന്. അപ്പോഴേക്കും കുട്ടികൾ സ്കൂളിലെത്തിയിരുന്നു. അതുകൊണ്ടു തന്നെ ഫലത്തിൽ അവധി പ്രഖ്യാപിച്ചതിന്റെ യാതൊരു ഗുണവും വിദ്യാർഥികൾക്കു ലഭിച്ചില്ലെന്നതാണ് മാതാപിതാക്കളെ പ്രകോപിപ്പിച്ചിരിക്കുന്നത്. മിക്ക സ്കൂളുകളും കലക്ടറുടെ പ്രഖ്യാപനം അവഗണിച്ച് ക്ലാസ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. കേന്ദ്രീയ വിദ്യാലയം പതിവു പോലെ ക്ലാസ് നടക്കുമെന്നും ഉച്ചയ്ക്കു ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടു പോകാമെന്നും മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്.

ഭവൻസ് സ്കൂളിനും പതിവു പോലെ ക്ലാസുണ്ടാകുമെന്നും മാതാപിതാക്കൾക്ക് ആവശ്യമെങ്കിൽ കൂട്ടിക്കൊണ്ടു പോകാമെന്നുമാണ് അറിയിച്ചിരിക്കുന്നത്. പരീക്ഷകൾ മാറ്റി വച്ചിട്ടുണ്ട്. തേവര എസ്എച്ച് സ്കൂളിൽ കലക്ടർ അവധി പ്രഖ്യാപിക്കും മുമ്പു തന്നെ അവധി പ്രഖ്യാപിച്ചതിനാൽ കുട്ടികൾക്കു ബുദ്ധിമുട്ടുണ്ടായില്ല.
 

Share this story