വിദ്യാഭ്യാസം സാമൂഹിക അനുഭവജ്ഞാനമാകണം: ഡോ. അനിത രാംപാല്‍

hgfdzx

കണ്ണൂർ : വിദ്യാഭ്യാസമെന്നത് ക്ലാസ് മുറികളിലെ പഠനപ്രവര്‍ത്തനങ്ങള്‍ മാത്രമല്ല, സാമൂഹികമായ ഇടപെടലുകളിലൂടെയുള്ള അനുഭവജ്ഞാനം കൂടിയാണെന്ന് പ്രശസ്ത വിദ്യാഭ്യാസ വിദഗ്ധയും ഡല്‍ഹി സര്‍വകലാശാല മുന്‍ പ്രൊഫസറുമായ ഡോ. അനിത രാംപാല്‍ പറഞ്ഞു. അഴീക്കോട് മണ്ഡലം സമഗ്ര വിദ്യാഭാസ പദ്ധതിയുടെ ഭാഗമായി നടത്തിയ മണ്ഡലതല ശില്‍പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. വിദ്യാഭ്യാസം ഒരു സാമൂഹിക പ്രതിബന്ധതയാണ്. എന്നാല്‍ അത് വ്യക്തി കേന്ദ്രീകൃതമായി മാറിയ ഒരു സ്ഥിതിയാണ് ഇപ്പോഴുള്ളത്. അത് മാറണം. വിദ്യാലയങ്ങളെ ജനാധിപത്യവല്‍ക്കരിക്കണം. വിദ്യാര്‍ഥികള്‍ അവരുടെ അഭിരുചിക്കനുസരിച്ചുള്ള വിദ്യാഭ്യാസ മേഖലയല്ല തെരഞ്ഞെടുക്കുന്നത്. രക്ഷിതാക്കളുടെ താല്‍പര്യങ്ങള്‍ അടിച്ചേല്‍പ്പിക്കുകയാണ്. വിദ്യാഭ്യാസം മരുന്ന് പോലെ നല്‍കാനാകുന്നതല്ല. കേവലം ബിരുദങ്ങളില്‍ ഒതുങ്ങുന്നത് മാത്രമാകരുത് വിദ്യാഭ്യാസം . വ്യക്തികളെ ചിന്തിക്കാനും അഭിപ്രായം രൂപീകരിക്കാനും പ്രാപ്തമാക്കുന്നതും വ്യക്തിത്വ വികസനത്തിന് ഉതകുന്നതുമായിരിക്കണമത്. അവര്‍ പറഞ്ഞു.

പുതിയതെരു മാഗ്നെറ്റില്‍ നടന്ന പരിപാടിയില്‍ കെ വി സുമേഷ് എം എല്‍ എ അധ്യക്ഷത വഹിച്ചു. മണ്ഡലത്തിലെ വിദ്യാലയങ്ങളുടെ അവസ്ഥാ പഠന റിപ്പോര്‍ട്ട് ഡയറ്റ് ലക്ചറര്‍ കെ ബീന അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. ടി സരള, കെ കെ രത്നകുമാരി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ സി ജിഷ (കണ്ണൂര്‍), പി പി ഷാജിര്‍ (കല്യാശ്ശേരി), കണ്ണൂര്‍ ബ്ലോക്ക് വൈസ് പ്രസിഡണ്ട് നിസാര്‍ വായിപ്പറമ്പ്, പഞ്ചായത്ത് പ്രസിഡണ്ടുമാരായ കെ അജീഷ് (അഴീക്കോട്), പി ശ്രുതി (ചിറക്കല്‍), പി പി ഷമീമ (വളപട്ടണം), കെ രമേശന്‍ (നാറാത്ത്), എ വി സുശീല (പാപ്പിനിശേരി), ജില്ലാകലക്ടര്‍ എസ് ചന്ദ്രശേഖര്‍, സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം എന്‍ സുകന്യ, മുന്‍ എംഎല്‍എ എം പ്രകാശന്‍, ഡിഡിഇ വി എ ശശീന്ദ്രവ്യാസ്, എസ് എസ് കെ ജില്ലാ പ്രൊജക്ട് കോ ഓര്‍ഡിനേറ്റര്‍ ഇ സി വിനോദ്, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ വിനോദ് കുമാര്‍, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ ഓര്‍ഡിനേറ്റര്‍ പി വി പ്രദീപന്‍, എഇഒ പി വി വിനോദ് കുമാര്‍, കെ വി ഹാരിസ് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് പഞ്ചായത്ത് തലത്തില്‍ ചര്‍ച്ച നടത്തി നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചു. പഞ്ചായത്തുതലത്തിലും സ്‌കൂള്‍തലത്തിലും ഇനി ശില്‍പശാലകള്‍ നടത്തും. മൂന്ന് തലത്തിലും കര്‍മ്മ  സമിതികള്‍ രൂപീകരിച്ച് തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തും.
 

Share this story