സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്ന ജനവിഭാഗത്തെ മുന്നോട്ട് കൊണ്ടുവരണം : ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ

ytresdf

സാമ്പത്തികമായും സാമൂഹികമായും പിന്നില്‍ നില്‍ക്കുന്ന ജനവിഭാഗത്തെ മുന്നോട്ട് കൊണ്ടുവരണമെന്ന്  ഇ ചന്ദ്രശേഖരന്‍ എം.എല്‍.എ. കാഞ്ഞങ്ങാട് ബ്ലോക്ക്  പഞ്ചായത്തില്‍ സംഘടിപ്പിച്ച വികസന സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . പതിനാലാം പഞ്ചവത്സര പദ്ധതിയുമായി ബന്ധപ്പെട്ട വാര്‍ഷിക പദ്ധതി രൂപീകരണം 2023- 24 ഭാഗമായാണ് സെമിനാര്‍ സംഘടിപ്പിച്ചത്. അവികസിതമായ മേഖലയില്‍ പ്രത്യേക ശ്രദ്ധയൂന്നിക്കൊണ്ട് മറ്റ് മേഖലകളോടും  പ്രദേശങ്ങളുമോടൊപ്പം, സാമ്പത്തികമായും സാമൂഹികമായും ഏറെ പിന്നില്‍ നില്‍ക്കുന്ന ജനവിഭാഗത്തെ കൂടി മുന്നോട്ട് കൊണ്ടു വരുവാന്‍ ഫണ്ട് വിനിയോഗത്തില്‍ ശ്രദ്ധിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍ അധ്യക്ഷത വഹിച്ചു. സുസ്ഥിര വികസനം, വിജ്ഞാന സമൂഹ സൃഷ്ടി, വിഭവ സംരക്ഷണം, അതിജീവനം പദ്ധതി, അതി ദാരിദ്ര്യ നിര്‍മ്മാജനം, മാലിന്യ നിര്‍മ്മാര്‍ജ്ജന  പ്രവര്‍ത്തനം, യന്ത്രവത്ക്കരണത്തിലൂടെ ഉത്പാദന ക്ഷമത വര്‍ദ്ധിപ്പിക്കല്‍, തൊഴില്‍ സംരംഭങ്ങള്‍ നൂതന ആശയങ്ങളിലൂടെ നടപ്പാക്കല്‍ എന്നീ 8 പദ്ധതികളില്‍ അതിശ്രദ്ധ പതിപ്പിക്കാനാണ് കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് ലക്ഷ്യമിടുന്നത്. ബ്ലോക്ക് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം.അബ്ദുള്‍ റഹ്‌മാന്‍ കരട് പദ്ധതി രേഖ അവതരണം നടത്തി. പഞ്ചായത്ത് പ്രസിഡണ്ട്മാരായ ടി.ശോഭ, എം.ലക്ഷ്മി, എസ്.പ്രീത, എം.കുമാരന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കാര്‍ത്യായനി, എം.കെ.വിജയന്‍, കെ.സീത, എം.കെ.ബാബുരാജ്, എം.മാധവന്‍ നമ്പ്യാര്‍ തുടങ്ങിയര്‍ സംസാരിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും പദ്ധതികളുടെ ക്രോഡീകരണവും നടന്നു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.വി.ശ്രീലത സ്വാഗതവും  സെക്രട്ടറി പി.യുജിന്‍ നന്ദിയും പറഞ്ഞു.

Share this story