തലശേരിയിലെ ഇരട്ടക്കൊലപാതകം : തെളിവെടുപ്പില്‍ ആയുധങ്ങള്‍ കണ്ടെത്തി, പ്രതികള്‍ റിമാന്‍ഡില്‍

gfd

 
തലശേരി: നഗരത്തിലെ ലഹരിവില്‍പന ചോദ്യം ചെയ്തതിന് രണ്ടുസി.പി. എം പ്രവര്‍ത്തകരെ തലശേരി സഹകരണാശുപത്രിക്ക് മുന്‍പില്‍ വെച്ചു കുത്തിക്കൊന്ന കേസിലെ പ്രതികളെയും കൊണ്ടു പൊലിസ് ഇന്ന് പിണറായി കമ്പൗണ്ടര്‍ ഷോപ്പ്, ഇല്ലിക്കുന്ന് എന്നിവടങ്ങളില്‍ തെളിവെടുപ്പ് നടത്തി. പൊലിസ് ഇന്ന്  നടത്തിയ തെളിവെടുപ്പില്‍ കൊലയ്ക്ക് ഉപയോഗിച്ച ആയുധം കണ്ടെത്തി. പിണറായി കമ്പൗണ്ടര്‍ ഷാപ്പിനടുത്തു നിന്ന് മുഖ്യപ്രതി പാറായി ബാബുവാണ് ഒളിപ്പിച്ചുവെച്ച കത്തി പൊലിസിനെടുത്തു നല്‍കിയത്.

മറ്റൊരു പ്രതി സന്ദീപിന്റെ വീടിനടുത്തു നിന്നാണ് രക്തക്കറയുള്ള ആയുധം കണ്ടെത്തിയത്. തലശേരി സി. ഐ എം. അനിലിന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.അറസ്റ്റിലായ ഏഴുപ്രതികളെയും തലശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. തലശേരി എ.സി.പി നിഥിന്‍രാജിന്റെ നേതൃത്വത്തിലാണ് കേസ് അന്വേഷണം നടന്നുവരുന്നത്. കേസിലെ മുഖ്യപ്രതി പാറായി ബാബു, ഭാര്യാസഹോദരന്‍ ജാക്‌സണ്‍ വിന്‍സെന്റ്, കെ.നവീന്‍, മുഹമ്മദ് ഫര്‍ഹാന്‍, ഇ.കെ സന്ദീപ്, എ. സുജിത്ത്കുമാര്‍, അരുണ്‍ കുമാര്‍ എന്നിവരാണ് റിമാന്‍ഡിലായത്.  ഇതില്‍ ആദ്യത്തെ അഞ്ചുപേര്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്തവരാണെന്ന് കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ അജിത് കുമാര്‍ അറിയിച്ചു. ഇല്ലിക്കുന്നിലെ കെ. ഖാലിദ്, സഹോദരി ഭര്‍ത്താവ് ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്.

Share this story