വൈദ്യനെ കൊലപ്പെടുത്തിയ കേസ് ; രക്തക്കറ നിര്‍ണായക തെളിവായേക്കും
Doctor murder case

ഒറ്റമൂലിയുടെ രഹസ്യം കൈക്കലാക്കാന്‍ വൈദ്യനെ കൊലപ്പെടുത്തിയ കേസില്‍ ഫോറന്‍സിക് സംഘത്തിന് ലഭിച്ച രക്തക്കറ നിര്‍ണായക തെളിവായേക്കും. കൊലപാതകം നടന്ന മുക്കട്ടയിലെ മുഖ്യപ്രതി ഷൈബിന്‍ അഷറഫിന്റെ വീട്ടില്‍ രണ്ടു ദിവസങ്ങളിലായി ഫോറന്‍സിക് വിദഗ്ധര്‍ നടത്തിയ പരിശോധനയിലാണ് രക്തകറ കണ്ടെത്തിയത്.

ഷാബ ഷരീഫിനെ ചങ്ങലയില്‍ ബന്ധിപ്പിച്ച് തടവറയില്‍ പാര്‍പ്പിച്ചിരുന്ന മുറിയില്‍ നിന്നും, കൊലപാതക ശേഷം മൃതദേഹം വെട്ടിനുറുക്കിയ ശുചിമുറിയില്‍നിന്നുമായാണ് തെളിവുകള്‍ ലഭിച്ചത്. കൂടാതെ മൃതദേഹം ചാലിയാര്‍ പുഴയില്‍ ഒഴുക്കിക്കളയാന്‍ കൊണ്ടുപോയ ആഡംബര കാറില്‍ നിന്നും വിവരങ്ങള്‍ ലഭിച്ചിരുന്നു. ഡി.എന്‍.എ.സാമ്പിളുകളുടെ പരിശോധനഫലം ഉടനെ ലഭ്യമായേക്കും.

ഷൈബിനെ സഹായിച്ച മുന്‍ എസ്‌ഐയെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യുമെന്നാണ് സൂചന. അതേസമയം നൗഷാദിനെ തെളിവെടുപ്പിനായി ഇന്ന് ചാലിയാര്‍ തീരത്ത് എത്തിക്കും. മറ്റു പ്രതികളെയും കസ്റ്റഡിയില്‍ വാങ്ങി വരും ദിവസങ്ങളില്‍ പൊലീസ് തെളിവെടുപ്പ് നടത്തും.

Share this story