ദീപക്കിന്റെ തിരോധാനം; അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചു

google news
deepak
ജൂണ്‍ ആറിനാണ് ദീപക്കിനെ കാണാതായത്.

കോഴിക്കോട് കാണാതായ പ്രവാസിയും മേപ്പയ്യൂര്‍ സ്വദേശി ദീപക്കിനെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയാഗിച്ചു. നാദാപുരം കണ്‍ട്രോള്‍ റൂം ഡിവൈഎസ്പി അബ്ദുള്‍ മുനീറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല. ദീപകിന്റേത് ആണെന്ന് കരുതി സംസ്‌കരിച്ച മൃതദേഹം സ്വര്‍ണക്കടത്ത് സംഘം തട്ടികൊണ്ടുപോയ ഇര്‍ഷാദിന്റേതാണെന്ന് കഴിഞ്ഞ ദിവസം ഡിഎന്‍എ പരിശോധനയില്‍ സ്ഥിരീകരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നടപടി.
ജൂണ്‍ ആറിനാണ് ദീപക്കിനെ കാണാതായത്. ഒരു മാസമായിട്ടും ദീപക്കിനെ കുറിച്ച് വിവരം ഒന്നും ലഭിക്കാതെ വന്നതോടെ ജൂലൈ 9 ന് ബന്ധുക്കള്‍ മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. അന്വേഷണം നടക്കുന്നതിനിടെ ജൂലൈ 17ന് തിക്കോടി കോടിക്കല്‍ കടപ്പുറത്ത് ജീര്‍ണിച്ച നിലയില്‍ ഒരു മൃതദേഹം കണ്ടെത്തുകയും ദീപക്കിന്റേതാണെന്ന് കരുതി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കുകയുമായിരുന്നു.
അബുദാബിയിലായിരുന്ന ദീപക് ഒന്നര വര്‍ഷം മുമ്പാണ് നാട്ടിലെത്തിയത്. പിന്നീട് നാട്ടില്‍ തന്നെ തുണിക്കട ആരംഭിച്ചു. മൃതദേഹം ദീപകിന്റെ ബന്ധുക്കള്‍ പരിശോധിച്ചിരുന്നെങ്കിലും സംശയങ്ങള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് ഡിഎന്‍എ സാമ്പിള്‍ ശേഖരിച്ച് നടത്തിയ പരിശോധന നടത്തിയപ്പോഴാണ് ദീപക് അല്ലെന്ന് കണ്ടെത്തിയത്. ഇന്നലെയാണ് മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്

Tags