വീണാ ജോർജിനെതിരെ എൽഡിഎഫ് നേർതൃത്വത്തിന് പരാതി നൽകി ഡെപ്യൂട്ടി സ്‌പീക്കർ
chittayam
അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത് എന്നാണ് വീണാ ജോർജിന്റെ പരാതി.

മന്ത്രി വീണാ ജോർജിനെതിരെ പരാതിയുമായി ഡെപ്യൂട്ടി സ്‌പീക്കർ ചിറ്റയം ഗോപകുമാർ. സിപിഐഎം സംസ്ഥാന സെക്രട്ടറിക്കും എൽഡിഎഫ് കൺവീനർക്കും പരാതി നൽകി. കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രി വീണാ ജോർജിനെതിരെ പരസ്യമായി പറഞ്ഞ കാര്യങ്ങളാണ് പരാതിയിലെ ഉള്ളടക്കം. ചിറ്റയം ഗോപകുമാറിനെതിരെ വീണാ ജോർജും നേർതൃത്വത്തിന് പരാതി നൽകിയിരുന്നു.

അടിസ്ഥാന രഹിതമായ ആരോപണമാണ് ഉന്നയിക്കുന്നത് എന്നാണ് വീണാ ജോർജിന്റെ പരാതി. ഇതോടെ പത്തനംതിട്ടയില്‍ നിന്നുള്ള രണ്ട് ക്യാബിനറ്റ് റാങ്കുള്ള വ്യക്തികള്‍ തമ്മിലുള്ള ഭിന്നത പരസ്യമാവുകയായിരുന്നു. കഴിഞ്ഞദിവസമാണ് ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത്.

പത്തനംതിട്ട ജില്ലയുടെ ചുമതലയുള്ള വീണാ ജോര്‍ജ് കൂടിയാലോചനകള്‍ നടത്തുന്നില്ലെന്നാണ് ആരോപണം. ഫോണ്‍ വിളിച്ചാല്‍ എടുക്കില്ലെന്നും അടൂര്‍ എംഎല്‍എ കൂടിയായ ചിറ്റയം ഗോപകുമാര്‍ പറയുന്നു. ഇത്തരത്തില്‍ പതിവായി അവഗണിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ എന്റെ കേരളം പ്രദര്‍ശന മേള ഉദ്ഘാടനത്തില്‍ നിന്നും ചിറ്റയം ഗോപകുമാര്‍ വിട്ടുനില്‍ക്കുകയും ചെയ്തിരുന്നു.

എന്നാൽ സര്‍ക്കാര്‍ വാര്‍ഷികാഘോഷ പരിപാടിയിലേക്ക് ആരെയും പ്രത്യേകിച്ച് വിളിക്കേണ്ട കാര്യമില്ലെന്നാണ് സിപി ഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞത്. മന്ത്രി വീണാ ജോര്‍ജിനെതിരെ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ തനിക്ക് പരാതി നല്‍കിയിട്ടില്ല. എല്ലാവരും ചേര്‍ന്നാണ് സര്‍ക്കാരിന്റെ വാര്‍ഷികാഘോഷ പരിപാടി നടത്തേണ്ടത്. മകന്റെ കല്യാണത്തിന് അച്ഛനെ വിളിച്ചില്ല എന്ന പോലെയാണ് ഡെപ്യൂട്ടി സ്പീക്കറുടെ പരാതിയെന്നും കെപി ഉദയഭാനു പറഞ്ഞു.

Share this story