ഇരട്ട കുഞ്ഞുങ്ങളുടെ മരണം : മെഡിക്കല്‍ കോളേജ് ആശുപത്രി വിശദീകരണക്കുറിപ്പ് ഇറക്കി

google news
twins baby

ആലപ്പുഴ: ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ബുധനാഴ്ച രാവിലെ സംഭവിച്ച ഇരട്ടക്കുഞ്ഞുങ്ങളുടെ മരണം സംബന്ധിച്ച് മെഡിക്കല്‍ കോളേജ് അധികൃതര്‍ വിശദീകരണം നല്‍കി. 32 വയസ്സുള്ള യുവതിയെ പ്രസവ സംബന്ധമായി ജനുവരി 13നാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. യുവതിയുടെ രണ്ടാമത്തെ ഗര്‍ഭധാരണം ആയിരുന്നു. ആദ്യ പ്രസവം സിസേറിയന്‍ ആയിരുന്നു. രണ്ടാമത്തെ ഗര്‍ഭത്തില്‍  രണ്ടു കുഞ്ഞുങ്ങള്‍ ഉണ്ടായിരുന്നു. സാധാരണ രണ്ടു കുഞ്ഞുങ്ങള്‍ ഉള്ളപ്പോള്‍ രണ്ടു മറുപിള്ള ഉണ്ടാകും. ഇവിടെ രണ്ടു കുഞ്ഞുങ്ങള്‍ക്കുംകൂടി ഒരു മറുപിള്ള മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഈ വിവരങ്ങള്‍ യുവതിയേയും ബന്ധുക്കളെയും നേരത്തെ അറിയിച്ചിട്ടുള്ളതാണ്.  ഗര്‍ഭധാരണം 36 ആഴ്ച പിന്നിട്ടതുകൊണ്ടും ടെസ്ററുകളിലും സ്‌കാനിങ്ങിലും അമ്മയ്ക്കും കുഞ്ഞിനും പ്രശ്നങ്ങള്‍ ഒന്നും ഇല്ലാതിരുന്നതിനാലും പതിനെട്ടാം തീയതി രാവിലെ സിസേറിയന്‍ തീരുമാനിച്ചിരുന്നു. 

എന്നാല്‍ തലേദിവസം വൈകുന്നേരം കുഞ്ഞിന് അനക്കം കുറവുള്ളതായി കണ്ടെത്തുകയും ഡോപ്ലര്‍ ഉള്‍പ്പെടെയുള്ള സ്‌കാനിങ്ങില്‍ കുഞ്ഞിന് ഹൃദയമിടിപ്പു നേരിയ തോതില്‍ മാത്രമേയുള്ളൂ എന്ന് കണ്ടെത്തുകയുമായിരുന്നു. രോഗിയുടെ ബന്ധുക്കളുടെ പൂര്‍ണമായ സമ്മതത്തോടെ അടിയന്തിരമായി സിസേറിയന്‍ നടത്തി കുഞ്ഞുങ്ങളെ പുറത്തെടുത്തപ്പോള്‍ ഒരു കുഞ്ഞു ചുവപ്പുനിറം ഉള്ളതും മറ്റേ കുഞ്ഞു വെളുത്തുവിളറിയ നിലയിലുമാണ് കണ്ടത്.  ഇരട്ടക്കുട്ടികള്‍ക്ക് ഒറ്റ മറുപിള്ള മാത്രമുണ്ടാകുന്ന സാഹചര്യത്തില്‍ സംഭവിക്കാവുന്ന ട്വിന്‍ ടു ട്വിന്‍ ട്രാന്‍സ്ഫ്യൂഷന്‍ സിന്‍ഡ്രോം അഥവാ ഒരു കുഞ്ഞു നിന്ന് മറ്റേ കുഞ്ഞിലേക്ക് മറുപിള്ള വഴി രക്തം സംക്രമിക്കുന്ന അവസ്ഥ ആണ് ഇവിടെ ഉണ്ടായിരുന്നത്. കുഞ്ഞുങ്ങള്‍ക്ക് യഥാസമയം സാധ്യമായ എല്ലാ വൈദ്യ ശുശ്രൂഷകള്‍ ആശുപത്രി  ലഭ്യമാക്കിയിരുന്നു. 

രണ്ട് കുഞ്ഞുങ്ങളെയും പോസ്റ്റ്മോര്‍ട്ടം നടത്തുന്നതിന് ആശുപത്രി തീരുമാനിച്ചിട്ടുണ്ട്. നിലവില്‍ അമ്മയുടെ ആരോഗ്യനില  സുരക്ഷിതമായ രീതിയില്‍ തുടരുകയാണെന്നും ആശുപത്രി നല്‍കിയ വിശദീകരണ കുറിപ്പില്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ.ടി.കെ.സുമ പറഞ്ഞു.

Tags