നയന സൂര്യയുടെ മരണം ; ക്രൈം ബ്രാഞ്ച് സംഘം നാളെ മുതല്‍ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും

nayana surya

യുവസംവിധായക നയന സൂര്യയുടെ മരണം അന്വേഷിക്കുന്ന ക്രൈം ബ്രാഞ്ച് സംഘം നാളെ മുതല്‍ നേരിട്ട് മൊഴിയെടുപ്പ് ആരംഭിക്കും. സാക്ഷികള്‍ക്കും ആദ്യം കേസ് അന്വേഷിച്ച പൊലീസുകാര്‍ക്കും ക്രൈം ബ്രാഞ്ച് നോട്ടീസ് നല്‍കിയിരുന്നു. സംഭവം നടന്ന് നാല് വര്‍ഷം പിന്നിട്ടതിനാല്‍ തെളിവ് ശേഖരണം ഉള്‍പ്പടെ കഠിനമെന്നാണ് ക്രൈം ബ്രാഞ്ച് വിലയിരുത്തല്‍.
വിശദമായ മൊഴി ശേഖരിക്കലാണ് ക്രൈം ബ്രാഞ്ച് ലക്ഷ്യമിടുന്നത്. പുരുഷന്മാരെ ക്രൈം ബ്രാഞ്ച് ഓഫീസിലേക്കു വിളിച്ചു വരുത്തിയും സ്ത്രീകളെ നേരില്‍ ചെന്ന് കൊണ്ടുമാണ് മൊഴി ശേഖരിക്കുന്നത്. പുനരന്വേഷണത്തിന്റെ ഭാഗമായി രാസപരിശോധന ലബോറട്ടറിയില്‍ നിന്ന് അന്വേഷണ സംഘം വിവരങ്ങള്‍ ശേഖരിച്ചു. ആദ്യ ഘട്ട വിവര ശേഖരണത്തിന്റെ ഭാഗമായി അന്വേഷണ സംഘം നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയ ആല്‍ത്തറയിലെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു.

Share this story