നാലു വയസ്സുകാരന് നേരെ ഉണ്ടായ തെരുവ് നായകളുടെ ആക്രമണം; കുട്ടിക്ക് നാല്‍പതോളം മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍ ​​​​​​​

നാലു വയസ്സുകാരന് നേരെ ഉണ്ടായ തെരുവ് നായകളുടെ ആക്രമണം; കുട്ടിക്ക് നാല്‍പതോളം മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍
​​​​​​​

മലപ്പുറം: താനൂര്‍ താനാളൂരില്‍ നാലു വയസ്സുകാരന് നേരെ ഉണ്ടായ തെരുവ് നായകളുടെ ആക്രമണത്തില്‍ കുട്ടിക്ക് നാല്‍പതോളം മുറിവുകളുണ്ടെന്ന് ഡോക്ടര്‍മാര്‍.വട്ടത്താണി കമ്പനിപ്പടി കുന്നത്തു പറമ്പില്‍ റഷീദിന്റെ മകന്‍ മുഹമ്മദ് റിസ്വാനാണ് കടിയേറ്റത്. ഗുരുതര പരിക്കേറ്റ കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു..

കുട്ടിയുടെ ശരീരത്തില്‍ നാല്‍പ്പത്തോളം മുറിവുകളുണ്ടെന്നാണ്  പരിശോധിച്ച ഡോക്ടര്‍മാര്‍ നല്‍കുന്ന വിവരം. ഇന്ന് രാവിലെ ആറരയോടെയായിരുന്നു സംഭവം. വീടിന് സമീപത്തുള്ള ബൈപ്പാസ് റോഡിലേക്ക് ഇറങ്ങിവന്ന കുട്ടിയെയാണ് തെരുവുനായ്ക്കള്‍ കൂട്ടത്തോടെ ആക്രമിച്ചത്. 


ആറോളം തെരുവുനായ്ക്കളാണ് കുട്ടിയെ ആക്രമിച്ചതെന്നാണ് വിവരം. കുട്ടിയെ കാണാതാത്തിനെ തുടര്‍ന്ന് വീട്ടുകാര്‍ മുറ്റത്ത് ഇറങ്ങി പരിശോധിച്ചപ്പോള്‍  കുട്ടിയുടെ കരച്ചില്‍ കേട്ട് പിതാവും സഹോദരനും എത്തി. പണിപെട്ട് നായകളില്‍ നിന്ന് കുട്ടിയെ രക്ഷപെടുത്തുകയായിരുന്നു.

കുട്ടിയുടെ തലയുടെ പിറകുഭാഗം കടിച്ചെടുത്ത അവസ്ഥയിലാണ്. ശരീരത്തിന്റെ ഭൂരിഭാഗം ഭാഗങ്ങളിലും മുറിവുകളുണ്ട്. ചില മുറിവുകള്‍ ആഴത്തിലുള്ളതാണ്. കുട്ടിയെ ആദ്യം തിരൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. നിലവില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ് കുട്ടി. നാളെ കുട്ടിക്ക് ശസ്ത്രക്രിയ നിശ്ചയിച്ചിട്ടുണ്ട്.
 

Share this story