സിനിമാചിത്രീകരണത്തിനുപയോഗിച്ച കറന്‍സികള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍
fake

സിനിമാചിത്രീകരണത്തിനുപയോഗിക്കുന്ന നോട്ടുകള്‍ തോട്ടില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ മാമം തോട്ടില്‍ രാവിലെ എട്ട് മണിയോടെയാണ് ചാക്കില്‍ക്കെട്ടിയ നിലയില്‍ നോട്ടുകള്‍ കണ്ടെത്തിയത്. തദ്ദേശ വാസിയായ ബിനു രാമചന്ദ്രന്‍ രാവിലെ തോട്ടില്‍ കുളിക്കാനെത്തിയപ്പോഴാണ് രണ്ട് ചാക്കുകെട്ടുകള്‍ ഒഴുകിവരുന്നത് കണ്ടത്.തുറന്നു പരിശോധിച്ചപ്പോള്‍ കെട്ടുകണക്കിന് കറന്‍സി നോട്ടുകളായിരുന്നു. സംഭവം അറിഞ്ഞയുടന്‍ ബിനു നാട്ടുകാരെ വിളിച്ചു കൂട്ടുകയും ചാക്ക് തുറന്നപ്പോള്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ കണ്ട് അമ്പരക്കുകയും ചെയ്തു. വിവരം അറിഞ്ഞയുടന്‍ വലിയ ജനക്കൂട്ടമാണ് സ്ഥലത്തെത്തിയത്. തുടര്‍ന്ന് നാട്ടുകാര്‍ അറിയിച്ചതനുസരിച്ച് ആറ്റിങ്ങല്‍ പൊലീസ് സ്ഥലത്തെത്തി.

ചാക്ക് കെട്ടുകള്‍ നടത്തിയ പരിശോധനയില്‍ സിനിമാചിത്രീകരണത്തിനുവേണ്ടി ഉപയോഗിക്കുന്ന നോട്ടുകളാണെന്ന് വ്യക്തമായതോടെയാണ് ബിനുവിന്റെയും നാട്ടുകാരുടെയും അമ്പരപ്പ് മാറിയത്. നോട്ടില്‍ ഷൂട്ടിംഗ് ആവശ്യത്തിനാണെന്ന് രേഖപ്പെടുത്തിയിട്ടുമുണ്ടായിരുന്നു. സിനിമാ സെറ്റുകളില്‍ നിന്നും കൊണ്ടുവന്ന് ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസ് പറയുന്നത്. പൊലീസ് ഇടപെട്ട് നോട്ടുകെട്ടുകള്‍ സ്ഥലത്ത് നിന്നും മാറ്റി. സംഭവം സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തുമെന്ന് പൊലീസ് പറഞ്ഞു.

Share this story