കണ്ണൂര്‍ റെയില്‍വെ ഭൂമി കെെമാറ്റം അഴിമതിയുടെ തുടര്‍ച്ച: കെ.സുധാകരന്‍ എംപി

k sudhakaran

കണ്ണൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്തെ ഏഴ് ഏക്കര്‍ ഭൂമി സ്വകാര്യ ഗ്രൂപ്പിന് ഉള്‍പ്പെടെ വിട്ട് നല്‍കിയ  റെയില്‍വെ ലാന്‍റ് ഡവലെപ്മെന്‍റ് അതോറിറ്റിയുടെ നടപടി ഒരു വലിയ അഴിമതിയുടെ തുടര്‍ച്ചയാണെന്ന്   കെപിസിസി പ്രസിഡന്‍റ് കെ.സുധാകരന്‍ എംപി.പൊതുമുതലുകള്‍ ഓരോന്നായി സ്വകാര്യ കമ്പനിക്കള്‍ക്ക്  ബിജെപി സര്‍ക്കാര്‍ വിറ്റുതുലയ്ക്കുകയാണ്. റെയില്‍വെ സ്റ്റേഷന്‍റെ നവീകരണത്തിനും നഗര വികസനത്തിനും വിഘാതം സൃഷ്ടിക്കുന്ന ഇൗ നടപടി  റെയില്‍വെ ലാന്‍റ് ഡവലെപ്മെന്‍റ് അതോറിറ്റി  തിരുത്തിയെ മതിയാകു.റെയില്‍വെ ഭൂമി കെെമാറ്റം പൂര്‍ത്തിയാകുന്നതോടെ പുതിയ പ്ലാറ്റ് ഫോം നിര്‍മ്മാണം സാധ്യമാകാതെ വരും. ധനസമ്പദനത്തിന് വേണ്ടി   ബിജെപിയുടെ ഉന്നത നേതാക്കള്‍ ഇടനിലക്കാരായി നിന്നാണ് റെയില്‍വെ ഭൂമി   സ്വകാര്യ കമ്പനിക്ക്  വാണിജ്യ ആവശ്യങ്ങള്‍ക്കും മറ്റും 45 വര്‍ഷത്തെ പാട്ടത്തിന്  വിട്ട് നല്‍കിയത്. നാടിന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കല്ലാതെ സ്വകാര്യവ്യക്തികളുടെ വികസനത്തിനായി റെയില്‍വെ ഭൂമിയില്‍ കാലുകുത്താനോ  ഒരിഞ്ച് നിര്‍മ്മാണ പ്രവര്‍ത്തനം നടത്താനോ കണ്ണൂര്‍ ജനത അനുവദിക്കില്ല.

 റെയില്‍വെ ലാന്‍റ് ഡവലെപ്മെന്‍റ് അതോറിറ്റി റെയില്‍വെ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് വിട്ടു നല്‍കാന്‍ ഏകപക്ഷീയമാണ്  തീരുമാനം എടുത്തത്. ഇത് തികച്ചും നിര്‍ഭാഗ്യകരമാണ്. ഭൂമി കെെമാറ്റവുമായി മുന്നോട്ട് പോകാനാണ് റെയില്‍വെയുടെ തീരുമാനമെങ്കില്‍ അതിനെ കണ്ണൂരിലെ ജനങ്ങളെ അണിനിരത്തി കോണ്‍ഗ്രസ് ശക്തമായി പ്രതിരോധിക്കും.കൂടാതെ ഭൂമി കെെമാറ്റം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര റെയില്‍വെ മന്ത്രാലയത്തെ സമീപിക്കുകയും വരുന്ന പാര്‍ലമെന്‍റ് സമ്മേളനത്തില്‍ ഇൗ വിഷയം ശക്തമായി ഉന്നയിക്കുകയും ചെയ്യുമെന്നും സുധാകരന്‍ വ്യക്തമാക്കി.

കണ്ണൂര്‍ നഗരത്തിന്‍റെ വികസനത്തെ ഈ ഭൂമി കെെമാറ്റം മുരടിപ്പിക്കും.റോഡ് വീതികൂട്ടുന്നതിനും കോര്‍പ്പറേഷന്‍റെ മറ്റുവികസന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം തിരിച്ചടിയാണ് ഈ നടപടി.  നഗരവികസനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കണ്ണൂര്‍ കോപ്പറേഷന്‍ സംസ്ഥാന സര്‍ക്കാരും റെയിവെ അധികൃതരുമായി സംസാരിച്ച് ധാരണയിലെത്തിയതാണ്.അനുമതിക്കായി കാത്തിരിക്കുമ്പോഴാണ് ഇടിത്തീ പോലെ ഭൂമി കെെമാറ്റം ചെയ്യപ്പെടുന്നതായുള്ള വാര്‍ത്തവരുന്നത്. 

കോര്‍പ്പറേഷന്‍റെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനിവാര്യമായ ഭൂമിയാണ് സ്വകാര്യവ്യക്തികള്‍ക്ക് ലാഭമുണ്ടാക്കാന്‍ ദീര്‍ഘകാലത്തേക്ക് തീറെഴുതിയത്. ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്‍റെ മൗനം സംശയാസ്പദമാണ്. ബിജെപിയുടെ ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് തടസ്സം നില്‍ക്കാത്ത നിലപാടാണ് സിപിഎം എന്നും കേരളത്തില്‍ സ്വീകരിച്ചിട്ടുള്ളത്. സിപിഎമ്മിന്‍റെ താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമായ നിലപാട് ബിജെപിയും എടുത്തിട്ടില്ല. അത്തരമൊരു പര്സപര ധാരണയുടെ പുറത്താണ് ഈ പോക്കെങ്കില്‍ നിങ്ങള്‍ ഇരുവരെയും  ജനം തെരുവുകളില്‍  ചോദ്യം ചെയ്യുമെന്നും സുധാകരന്‍ പറഞ്ഞു.  

Share this story