അന്നപൂർണ റേഡിയോ ടെലി ക്വിസ്സിൽ നടൻ സന്തോഷ് കീഴാറ്റൂരിനെതിരെ കമ്മീഷണർ ഇളങ്കോയുടെ ഗൂഗ്ലി ; രണ്ട് ചോദ്യത്തിനെയും സിക്സർ പറത്തി മഹേഷ് ബാലിഗ
ilango

കണ്ണൂർ : 'ലഹരി മുക്ത കണ്ണൂർ' എന്ന ലക്ഷ്യം മുൻനിറുത്തി ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കി അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷനും കണ്ണൂർ സിറ്റി പോലീസും സിഗ്നേച്ചർ ഹോണ്ട, സിഗ്നേച്ചർ സുസുക്കി, ദി ബിസിനസ്സ് ഹൌസ് എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിച്ച അന്നപൂർണ റേഡിയോ ടെലി ക്വിസ് ശ്രോദ്ധാക്കൾക്ക് വേറിട്ടൊരു അനുഭവമായി. 

കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോ ഐപിഎസ് ക്വിസ് മാസ്റ്ററായി എത്തിയ വിഷു - ഈസ്റ്റർ പ്രത്യേക ടെലി ക്വിസ് പ്രോഗ്രാമ്മിൽ പ്രശസ്ത സിനിമ താരം സന്തോഷ് കീഴാറ്റൂരും മലയാളികൾ നെഞ്ചിലേറ്റിയ ട്രാഫിക്, ഉയരെ, മുംബൈ പോലീസ്, സല്യൂട്ട് എന്നീ ഹിറ്റ് സിനിമകളുടെ തിരക്കഥ ഒരുക്കിയ ബോബി - സഞ്ജയ് കൂട്ടുകെട്ടിലെ സഞ്ജയ്, അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ രക്ഷാധികാരിയും നോർത്ത് മലബാർ ചേംബർ ഓഫ് കോമ്മേഴ്സ് മുൻ പ്രസിഡന്റുമായ മഹേഷ് ചന്ദ്ര ബാലിഗ എന്നിവരാണ് മുഖ്യ അതിഥികളായി എത്തിയത്. 

sanjay

പൊതുജനങ്ങളിൽ ലഹരി വസ്തുക്കൾ ഉപയോഗിക്കുന്നതിന്റെ ദൂഷ്യ ഫലങ്ങളെ കുറിച്ചുള്ള അവബോധം സൃഷ്ടിക്കുകയും  ലഹരി വിരുദ്ധ സന്ദേശങ്ങൾ പൊതുജനങ്ങളിൽ എത്തിക്കുക വഴി ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്ന് യുവതലമുറയെ രക്ഷിക്കുക എന്നതാണ് 'ജസ്റ്റ് സെ നോ' ലഹരി വിരുദ്ധ ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ച അന്നപൂർണ റേഡിയോ ടെലി ക്വിസ്സിന്റെ ലക്ഷ്യമെന്ന് അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ചെയർമാൻ ജോഫിൻ ജെയിംസ് പറഞ്ഞു. 

ക്വിസ് മാസ്റ്ററായി കണ്ണൂർ സിറ്റി പോലീസ് കമ്മിഷണർ ആർ. ഇളങ്കോ എത്തിയ പ്രോഗ്രാമിൽ രൂപീകരണം മുതൽ സമ്പൂർണ മദ്യ നിരോധനം നിലവിലുള്ള ഇന്ത്യൻ സംസ്ഥാനം ഏതാണ് എന്നായിരുന്നു നടൻ സന്തോഷ് കീഴാറ്റൂരിനോട് ചോദിച്ച ചോദ്യം. ഗുജറാത്ത് എന്ന് ശരിയുത്തരം പറഞ്ഞ നടൻ സന്തോഷ് കീഴാറ്റൂരിനോട് ഉത്തരം ഗുജറാത്ത് അല്ലെന്നും വേറെ ഒരു സംസ്ഥാനമാണെന്ന് കമ്മീഷണർ പറഞ്ഞപ്പോൾ തന്റെ ഉത്തരത്തിൽ സന്തോഷ് കീഴാറ്റൂർ ഉറച്ചു നിൽക്കുകയായിരുന്നു. 

സന്തോഷ് പറഞ്ഞ ഉത്തരം ശരിയാണെന്നും താൻ ഒരു ഗൂഗ്ലി എറിഞ്ഞു നോക്കിയതാണെന്നു കമ്മീഷണർ പറഞ്ഞപ്പോൾ ശ്രോദ്ധാക്കൾക്കിടയിൽ ചിരി പടർത്തി. കേരളത്തിൽ പൊതു സ്ഥലത്തു ഏതു വർഷമാണ് പുകവലി നിരോധിച്ചത് എന്നായിരുന്നു കമ്മീഷണർ നോർത്ത് മലബാർ ചേംബർ ഓഫ് കോമ്മേഴ്സ് മുൻ പ്രസിഡന്റ് മഹേഷ് ചന്ദ്ര ബാലിഗയോട് ചോദിച്ചത്. 

1999 എന്ന് മഹേഷ് ബാലിഗ ശരിയുത്തരം പറഞ്ഞപ്പോൾ പുകയിലയിൽ അടങ്ങിത്തിരിക്കുന്ന വിഷ വസ്തു ഏതാണെന്നു കമ്മീഷണറുടെ രണ്ടാമത്തെ ചോദ്യത്തിനും നിക്കോട്ടിൻ എന്ന് മഹേഷ് ബാലിഗ ശരിയുത്തരം നൽകി. രണ്ട് ചോദ്യങ്ങൾക്കും ശരിയുത്തരം നൽകിയ മഹേഷ് ബാലിഗയെ കമ്മീഷണർ ആർ.ഇളങ്കോ ഐപിഎസ് അഭിനന്ദിച്ചു. 

ലഹരി മുക്ത കേരളം സമൂഹത്തിന്റെ ആവശ്യമാണെന്ന് പ്രശസ്ത തിരക്കഥാകൃത്ത് സഞ്ജയ് അഭിപ്രായപ്പെട്ടു. ഒരു വ്യക്തി ഉന്മേഷവാനും സന്തോഷവാനുമായി കഴിയാൻ ലഹരി ഉപയോഗിക്കുന്നുണ്ടെങ്കിൽ അവൻ അവനിൽ തന്നെ സന്തോഷം കണ്ടെത്താൻ കഴിയുന്നില്ല എന്ന് വേണം കരുതാൻ എന്ന് സഞ്ജയ് അഭിപ്രായപ്പെട്ടു. 

ലഹരിയുടെ ഉപയോഗം ഒരുവന്റെ ശരീരവും മനസ്സും തകർക്കുമെന്നും ഒരുവന്റെ ഉള്ളിലുള്ള നന്മയെ പൂർണമായും നശിപ്പിക്കാൻ മാത്രമേ ലഹരിയുടെ ഉപയോഗം കൊണ്ട് സാധിക്കൂ എന്നും അന്നപൂർണ റേഡിയോ ടെലി ക്വിസ്സിൽ പങ്കെടുത്തു കൊണ്ട് സഞ്ജയ് അഭിപ്രായപ്പെട്ടു. 

സ്കൂൾ - കോളേജ് വിദ്യാർത്ഥികൾക്കിടയിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ടെന്നും വരും ദിവസങ്ങളിലും ശക്തമായ പരിശോധനയും ലഹരി മാഫിയക്കെതിരെ ശക്തമായ ഇടപെടലും പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുമെന്നും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ ഐപിഎസ് പറഞ്ഞു. 

മമ്മൂട്ടിയും മോഹൻലാലുമായും ഒരുമിച്ചു സിനിമകൾ ചെയ്തതിന്റെ അനുഭവങ്ങൾ സഞ്ജയും സന്തോഷ് കീഴാറ്റൂരും കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ. ഇളങ്കോയുമായി പങ്കുവെച്ചു. 

കണ്ണൂർ പയ്യാമ്പലം ബീച്ചിൽ ലഹരി വിരുദ്ധ സന്ദേശം പ്രമേയമാക്കി അന്നപൂർണ ചാരിറ്റബിൾ ഫൗണ്ടേഷൻ ഒരുക്കിയ മണൽ ശിൽപം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർ ആർ.ഇളങ്കോ ഐപിഎസ് ഉത്ഘാടനം ചെയ്തിരുന്നു.

Share this story