കോളജ് വിദ്യാര്‍ഥിനിയോട് മോശമായി പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്

google news
Police

ഇടുക്കി: കോളജ് വിദ്യാര്‍ഥിനിയോട് മോശമായി  പെരുമാറിയ സ്വകാര്യ ബസ് കണ്ടക്ടര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. പരാതി നല്‍കാനായി വിദ്യാര്‍ത്ഥിനി പൊലീസ് സ്റ്റേഷനിലെത്തിയത് അമ്പതോളം സഹപാഠികളുമായി. കഴിഞ്ഞ ദിവസം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലേക്കാണ് ബസ് കണ്ടക്ടര്‍ക്കെതിരെ പരാതിയുമായി വിദ്യാര്‍ത്ഥിനിയും സഹപാഠികളും കൂട്ടമായെത്തിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കണ്ടക്ടര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു.

നെടുങ്കണ്ടം - എഴുകുംവയല്‍ - ഇരട്ടയാര്‍ - കട്ടപ്പന റോഡില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിലെ കണ്ടക്ടര്‍ വിദ്യാര്‍ഥിനിയെ അപമാനിക്കുകയും അസഭ്യവര്‍ഷം നടത്തുകയും ചെയ്‌തെന്നാണ് പരാതി.  നെടുങ്കണ്ടം എംഇഎസ് കോളജില്‍ പഠിക്കുന്ന ബിരുദ വിദ്യാര്‍ഥിനിയാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്.  പെണ്‍കുട്ടി കോളജിന് സമീപമുള്ള സ്റ്റോപ്പില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ കണ്ടക്ടര്‍ അസഭ്യം പറയുകയായിരുന്നു.  ഇരട്ടയാറ്റിന്ന് നെടുങ്കണ്ടം എംഇഎസ് കോളജിലേക്ക് വരുന്ന ബസിലാണ് മിക്കവാറും വിദ്യാര്‍ത്ഥിനി കോളജില്‍ എത്തിയിരുന്നത്.  

ഇരട്ടയാറ്റില്‍ നിന്നും രാവിലെ 8.50 ന് വരുന്ന ബസാണ് ഇത്.  പതിവ് പോലെ വലിയതോവാളയില്‍ നിന്നാണ് പെണ്‍കുട്ടി ബസില്‍ കയറിയത്. ഇക്കഴിഞ്ഞ ഓണക്കാലത്ത് ഇതെ ബസില്‍ യാത്ര ചെയ്യുന്നതിനിടെ ശരീരത്ത് സ്പര്‍ശിക്കാന്‍ കണ്ടക്ടര്‍ ശ്രമിച്ചിരുന്നുവെന്ന് പെണ്‍കുട്ടി ആരോപിക്കുന്നു. മറ്റ് പെണ്‍കുട്ടികളെയും ഇയാള്‍ ശല്യപ്പെടുത്തുന്ന വിധത്തില്‍ പെരുമാറാറുണ്ടെന്നും  ഇതിനെ ചോദ്യം ചെയ്യുകയും കണ്ടക്ടര്‍ക്കു നേരെ വിദ്യാര്‍ത്ഥിനി കൈയ്യോങ്ങുകയും ചെയ്തിരുന്നു. മറ്റ് സഹപാഠികളും കണ്ടക്ടറെ ചോദ്യം ചെയ്തു. ഇതോടെ കണ്ടക്ടര്‍ ക്ഷമ പറഞ്ഞു തടിയൂരി. 

ഇതിന് ശേഷമാണ് ഇന്നലെ വീണ്ടും ഇതേ കണ്ടക്ടര്‍ പെണ്‍കുട്ടിക്ക് നേരെ അസഭ്യ വര്‍ഷവും മോശം പദപ്രയോഗങ്ങളും നടത്തിയത്. ബസ് കണ്ടക്ടറുടെ പെരുമാറ്റത്തിനെതിരെ മറ്റ് വിദ്യാര്‍ഥികളും പ്രതിഷേധവുമായി രംഗത്തെത്തി.  വിദ്യാര്‍ഥികള്‍ ചോദ്യം ചെയ്തതോടെ കണ്ടക്ടര്‍ പരാതിയുണ്ടെങ്കില്‍ ബസ് പാര്‍ക്ക് ചെയ്യുന്ന സ്ഥലത്ത് വന്ന്  വെള്ള പേപ്പറില്‍ പരാതി എഴുതി നല്‍കാന്‍ വെല്ലുവിളിച്ചു. ഇതോടെ വിദ്യാര്‍ഥിനിയും സഹപാഠികളും ചേര്‍ന്ന് പരാതി എഴുതി നെടുങ്കണ്ടം സിഐ ബി.എസ്. ബിനുവിന് കൈമാറുകയായിരുന്നു. ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വൈര്യാഗമാണ് ബസ് കണ്ടക്ടറുടെ പെരുമാറ്റത്തിന് കാരണമെന്ന് വിദ്യാര്‍ത്ഥിനി പറയുന്നു. അതേസമയം  വിദ്യാര്‍ഥിനിയുടെ പരാതിയില്‍ കേസെടുത്തെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും നെടുങ്കണ്ടം സിഐ അറിയിച്ചു.

Tags