എടപ്പാളില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷം; ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ത്തു

എടപ്പാളില്‍ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റിനിടെ സംഘര്‍ഷം. മത്സരത്തിനിടെ ടീം അരീക്കോട് നേടിയ ഗോള്‍ റഫറി ഓഫ് സൈഡ് വിളിച്ചതാണ് സംഘര്‍ഷത്തിന് കാരണം. തുടര്‍ന്ന് താത്ക്കാലിക സ്റ്റേഡിയത്തിലെ ടിക്കറ്റ് കൗണ്ടര്‍ ഒരു വിഭാഗം കാണികള്‍ തല്ലി തകര്‍ത്തു. എടപ്പാള്‍ പൂക്കരത്തറ സ്കൂള്‍ ഗ്രൗണ്ടില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ടൂര്‍ണമെന്റിന്റെ രണ്ടാം സെമി ഫൈനല്‍ മത്സരത്തിനിടെയാണ് സംഭവം. പൊലീസ് എത്തി സംഘര്‍ഷാവസ്ഥ നിയന്ത്രണവിധേയമാക്കി.
സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറവും അരീക്കോട് ടൗണ്‍ ടീമും തമ്മിലായിരുന്നു മത്സരം. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ അരീക്കോട് ടീം നേടിയ ഗോള്‍ റഫറി ഓഫ് സൈഡ് വിളിച്ചത്. കാണികളില്‍ ഒരാള്‍ പകര്‍ത്തിയ ഗോള്‍ വീഡിയോ സഹിതം കാണികളില്‍ ചിലര്‍ റഫറിയുടെ തീരുമാനത്തെ ചോദ്യം ചെയ്തു. പിന്നീട് മത്സരം തുടരുകയും സൂപ്പര്‍ സ്റ്റുഡിയോ മലപ്പുറം വിജയിക്കുകയും ചെയ്തതോടെയാണ് സംഘര്‍ഷമുണ്ടായത്.
അരീക്കോട് ടീം ആരാധകര്‍ ഗ്രൗണ്ടിലിറങ്ങി ബഹളം വെക്കുകയും ഒരു കൂട്ടം കാണികള്‍ ടിക്കറ്റ് കൗണ്ടര്‍ അടിച്ചു തകര്‍ക്കുകയുമായിരുന്നു. സൂപ്പര്‍ സ്റ്റുഡിയോയെ വിജയിപ്പിക്കാന്‍ സംഘാടകര്‍ കൂട്ടുനിന്നു എന്ന് ആരോപിച്ചായിരുന്നു ആക്രമണം. മത്സരം നിയന്ത്രിച്ച റഫറിമാരെ തടഞ്ഞുവെക്കുകയും ചെയ്തിരുന്നു. പൊലീസ് എത്തി ലാത്തി വീശിയാണ് ടീം അം?ഗങ്ങളേയും റഫറിമാരേയും സുരക്ഷിതരായി പുറത്തെത്തിച്ചത്.