കുട്ടികള്‍ക്കുനേരെ ലൈംഗികാതിക്രമം; ജാഗ്രത പുലര്‍ത്തണമെന്ന് ബാലാവകാശ കമീഷന്‍

google news
child9

കാസർകോട്: പോക്സോ കേസുമായി ബന്ധപ്പെട്ട നിര്‍വഹണ ഉദ്യോഗസ്ഥരുടെ യോഗം മൂന്നുമാസത്തെ ഇടവേളകളില്‍ ചേരുമെന്ന് സംസ്ഥാന ബാലാവകാശ കമീഷന്‍ അംഗം അഡ്വ. പി.പി ശ്യാമളാദേവി പറഞ്ഞു.

2021ല്‍ ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത് 128 പോക്സോ കേസുകളാണ്. കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്നുണ്ടെന്നും എല്ലാ കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെടണമെന്നും കമീഷന്‍ അംഗം പറഞ്ഞു. വിദ്യാലയങ്ങളിലെ ഓരോ ക്ലാസ് ടീച്ചര്‍മാരും കൗണ്‍സലര്‍മാരായി വിദ്യാർഥികള്‍ക്കൊപ്പം നില്‍ക്കണം.

പോക്സോ കേസുകളുമായി ബന്ധപ്പെട്ട് വിദ്യാർഥികള്‍, രക്ഷിതാക്കള്‍, അധ്യാപകര്‍, പൊലീസ് തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് ബാലാവകാശ കമീഷന്റെ നേതൃത്വത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നല്‍കും. പട്ടികജാതി പട്ടികവര്‍ഗ വകുപ്പുകളുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പോസ്റ്റ് മെട്രിക്, പ്രീമെട്രിക് ഹോസ്റ്റലുകള്‍, എം.ആര്‍.എസുകള്‍, ഏകലവ്യ മോഡല്‍ റസിഡന്‍ഷ്യല്‍ സ്പോര്‍ട്സ് സ്‌കൂള്‍ എന്നിവിടങ്ങളിലെ വിദ്യാർഥികള്‍ക്കും ബോധവത്കരണം നല്‍കും.

മയക്കുമരുന്നുകള്‍ നല്‍കി കുട്ടികളെ ഉപയോഗിക്കുന്നത് ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും എക്സൈസ് വകുപ്പുമായി ചേര്‍ന്ന് ഇതിനെതിരെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ബാലാവകാശ കമീഷന്‍ അംഗം പറഞ്ഞു. ജില്ലയിലെ മുഴുവന്‍ സ്‌കൂളുകളിലും പരാതിപ്പെട്ടികള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. പരാതികള്‍ നിക്ഷേപിക്കാന്‍ സ്വകാര്യത ലഭിക്കുന്ന ഇടങ്ങളിൽ പെട്ടികള്‍ സ്ഥാപിക്കാന്‍ ശ്രമിക്കണം.

രക്ഷിതാക്കളും അധ്യാപകരും വിദ്യാർഥികളും പൊതു സമൂഹവും അതിക്രമങ്ങള്‍ക്കെതിരെ പ്രതികരിക്കണമെന്നും ജില്ല കലക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ ചന്ദ് പറഞ്ഞു. യോഗത്തില്‍ മുഖ്യാതിഥിയായി സംസാരിക്കുകയായിരുന്നു അവര്‍. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി ചെയര്‍ പേഴ്സന്‍ ബി. മോഹന്‍ കുമാര്‍, പബ്ലിക്ക് പ്രോസിക്യൂട്ടര്‍ പ്രകാശ് അമ്മന്നയ, ഡിവൈ.എസ്.പി ഡി.സി.ആര്‍.ബി സി.എ അബ്ദുല്‍ റഹ്‌മാന്‍, ചൈല്‍ഡ് ലൈന്‍ ജില്ല കോഓഡിനേറ്റര്‍ ജസ്ന പി. മാത്യു, മഹിള സമഖ്യ സൊസൈറ്റി ജില്ല കോഓഡിനേറ്റര്‍ എന്‍.പി. ആസീറ, ജില്ല മെഡിക്കല്‍ ഓഫിസറുടെ പ്രതിനിധി ജൈനമ്മ തോമസ്, ജില്ല വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ.വി. പുഷ്പ, ജില്ല പട്ടിക ജാതി വികസന വകുപ്പ് ഓഫിസറുടെ പ്രതിനിധി പി.ബി. ബഷീര്‍, ജില്ല പട്ടികവര്‍ഗ വികസന വകുപ്പ് ഓഫിസര്‍ എം. മല്ലിക, ജില്ല ശിശു സംരക്ഷണ ഓഫിസര്‍ സി.എ. ബിന്ദു എന്നിവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജില്ല ശിശു സംരക്ഷണ ഓഫിസര്‍ സി.എ. ബിന്ദു സ്വാഗതവും ഡി.സി.പി.യു പ്രൊട്ടക്ഷന്‍ ഓഫിസര്‍ എ.ജി. ഫൈസല്‍ നന്ദിയും പറഞ്ഞു.
 

Tags