എസ് എസ് എൽ സിക്ക് വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
CM


തിരുവനന്തപുരം: എസ് എസ് എൽ സിക്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അഭിനന്ദിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാൻ കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ എസ്എസ്എൽസി പരീക്ഷാഫലമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിലൂടെ പ്രതികരിച്ചു. പങ്കെടുത്ത നാലുലക്ഷത്തിൽപരം വിദ്യാർത്ഥികളിൽ 99.26% പേരും വിജയം വരിച്ചു എന്നത് നാടിനാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. വിജയം വരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നതായും അദ്ദേഹം കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം 

അറിവും നൈപുണ്യവും കൈമുതലായ ഭാവി തലമുറയെ വാർത്തെടുക്കാൻ കേരളം നടപ്പാക്കുന്ന പൊതു വിദ്യാഭ്യാസ നയം ശരിയായ ദിശയിൽ മുന്നേറുന്നു എന്ന ഉറപ്പു സമ്മാനിക്കുന്ന ഒന്നാണ് ഇത്തവണത്തെ  എസ്എസ്എൽസി പരീക്ഷാഫലം. പങ്കെടുത്ത നാലുലക്ഷത്തിൽപരം വിദ്യാർത്ഥികളിൽ 99.26% പേരും വിജയം വരിച്ചു എന്നത് നാടിനാകെ അഭിമാനിക്കാവുന്ന നേട്ടമാണ്. കോവിഡ് മഹാമാരി ഉയർത്തിയ വെല്ലുവിളികൾ ഈ അധ്യയന വർഷവും നമുക്കുമുന്നിലുണ്ടായിരുന്നു എന്നത് ആ നേട്ടത്തിൻ്റെ മാറ്റു വർധിപ്പിക്കുന്നു.

എസ്എസ്എൽസി പരീക്ഷയിലെ മികച്ച വിജയത്തിന് പിന്നിൽ പ്രവർത്തിച്ച അദ്ധ്യാപകരേയും വിദ്യാഭ്യാസവകുപ്പിനേയും രക്ഷിതാക്കളെയും അഭിനന്ദിക്കുന്നു. വിജയം വരിച്ച മുഴുവൻ കുഞ്ഞുങ്ങൾക്കും എല്ലാവിധ ആശംസകളും നേരുന്നു. ഉപരിപഠനത്തിന് ഇത്തവണ യോഗ്യത നേടാൻ സാധിക്കാതെ പോയവർ നിരാശരാകാതെ അടുത്ത പരീക്ഷയിൽ വിജയിക്കാനാവാശ്യമായ പരിശ്രമങ്ങൾ തുടരണം. എല്ലാവർക്കും ഹൃദയപൂർവ്വം ആശംസകൾ നേരുന്നു.

Share this story