ഒരു നേതാവിനെയും ആരും ഭയക്കേണ്ട; എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്കുതാഴെ; ചെന്നിത്തല

google news
ramesh chennithala

തിരുവനന്തപുരം: കോൺഗ്രസിൽ ഒരു നേതാവിനേയും ആരും ഭയപ്പെടേണ്ട കാര്യമില്ലെന്ന് മുൻ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. എല്ലാ നേതാക്കൾക്കും സംസ്ഥാനത്ത് ഉടനീളം പ്രവർത്തിക്കാനുള്ള സ്വാതന്ത്ര്യമുണ്ടെന്നും അത് പാർട്ടി ചട്ടക്കൂടിലൂടെയായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പാർട്ടിയുടെ വ്യവസ്ഥാപിതമായ മാർഗങ്ങളിലൂടെയായിരിക്കണം താനടക്കമുള്ള എല്ലാവരും പ്രവർത്തിക്കേണ്ടതെന്നും ചെന്നിത്തല വ്യക്തമാക്കി. ശശി തരൂരിന്റെ വിവിധ ജില്ലകളിലേക്കുള്ള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ജനദ്രോഹപരമായ നിലപാടുമായി മുന്നോട്ട് പോകുന്ന സംസ്ഥാന- കേന്ദ്ര സർക്കാരുകൾക്കെതിരായ പോരാട്ടമാണ് ഇപ്പോൾ പ്രധാനം. പാർട്ടിയിൽ ഭിന്നിപ്പുണ്ടാകുന്നു എന്ന തരത്തിൽ വാർത്ത വരുന്നതിന് കാരണക്കാരാകുന്നത് ശരിയല്ല. എല്ലാ നേതാക്കന്മാർക്കും പാർട്ടിയിൽ പ്രവർത്തിക്കാനുള്ള ഇടവും അവസരവുമുണ്ട്. പാർട്ടിയിൽ ഐക്യം ഉറപ്പിക്കുകയാണ് ഇന്നത്തെ ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ ബലൂൺ പരാമർശം ശശി തരൂരിന് എതിരായിട്ടല്ലെന്നായിരുന്നു ചെന്നിത്തലയുടെ പ്രതികരണം. 'നേതാക്കൾ ഊതി വീർപ്പിച്ച ബലൂണല്ല എന്നാണ് അദ്ദേഹം പറഞ്ഞത്. അത് അദ്ദേഹം ശശി തരൂരിന് എതിരായി പറഞ്ഞതാണെന്ന് വിശ്വസിക്കുന്നില്ല. കേരളത്തിലെ കോൺഗ്രസ് ഇതിനേക്കാൾ വലിയ പ്രതിസന്ധിയിലൂടെ കടന്നുപോയ പാർട്ടിയാണ്. കോൺഗ്രസിന് പരിഹരിക്കാൻ കഴിയാത്തതായി ഒന്നുമില്ല.' ചെന്നിത്തല പറഞ്ഞു.


മുഖ്യമന്ത്രിക്കുപ്പായം തയ്പ്പിച്ചുവച്ചവരാണ് തരൂരിന്റെ കോഴിക്കോട്ടെ യൂത്ത് കോൺഗ്രസ് പരിപാടിയിലെ വിലക്കിന് പിന്നിൽ എന്ന കെ. മുരളീധരന്റെ പ്രസ്താവനയോടും അദ്ദേഹം പ്രതികരിച്ചു. എന്തുതയ്പ്പിക്കണമെങ്കിലും നാലു വർഷമുണ്ടല്ലോ എന്ന് ചോദിച്ച അദ്ദേഹം ഒന്നും പെട്ടെന്ന് തയ്പ്പിക്കണ്ടെന്നും അതിന് സമയമുണ്ടെന്നും മറുപടി നൽകി.

തരൂർ പങ്കെടുക്കുന്ന കോട്ടയത്തെ യൂത്ത് കോൺഗ്രസ് പരിപാടിയുടെ പോസ്റ്ററിൽ നിന്ന് പ്രതിപക്ഷ നേതാവിന്റെ ചിത്രം ഒഴിവാക്കിയതിനോടുള്ള ചോദ്യത്തിന്, പരിപാടിയിലെ പോസ്റ്ററിൽനിന്ന് തന്നേയും ഒഴിവാക്കിയിട്ടുണ്ടെന്നായിരുന്നു മറുപടി. അതിൽ വലിയ പ്രശ്നമൊന്നുമില്ലെന്നും കൂട്ടിച്ചേർത്തു.

'സ്ഥാനാർഥി നിർണ്ണയത്തിൽ പാർട്ടി എടുക്കുന്ന തീരുമാനം എല്ലാവർക്കും ബാധകമാണ്. പാർട്ടിക്ക് അതീതരായി ആരുമില്ല. എല്ലാ വാദ്യങ്ങളും ചെണ്ടയ്ക്ക് താഴെയാണ്. മുരളീധരൻ എന്റെ നല്ലസുഹൃത്താണ്. അദ്ദേഹത്തിന് ഒരു മറുപടിയും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല.'- 
ഏറ്റവും കൂടുതൽ പ്രയാസം നേരിട്ടപ്പോൾ പോലും മറുപടി പറയാത്തത് അത് പാർട്ടിക്ക് ദോഷം ചെയ്യുമെന്നതുകൊണ്ടാണ്.
പരസ്യ പ്രസ്താവനയ്ക്ക് കെ പി സി സി പ്രസിഡൻറിൻ്റെ വിലക്കുള്ളതിനാൽ കൂടുതൽ ഒന്നും പറയുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു

 *തിരുവനന്തപുരം കോർപ്പറേഷനുമായി ബന്ധപ്പെട്ട അന്വേഷണം ക്രൈം ബ്രാഞ്ച് അട്ടിമറിക്കുകയാണ്* യഥാർത്ഥ പ്രതികളെ രക്ഷിക്കുകയാണ്. യഥാർത്ഥ പ്രതികൾ മേയറും ആനാവൂർ നാഗപ്പനും ആണ്. ഇവരെ രണ്ടുപേരെയും രക്ഷിക്കാൻ വേണ്ടിയാണ് ക്രൈം ബ്രാഞ്ച് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിൽ അല്ല നടക്കുന്നത്. മേയർ രാജിവച്ച് അന്വേഷണം നേരിടണമെന്ന് 
രമേശ് ചെന്നിത്തല പറഞ്ഞു.

Tags