ചാലക്കുടിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ തൊഴിലാളിക്ക് പരുക്ക്

buffalo attack

തൃശൂര്‍: ചാലക്കുടി മലക്കപ്പാറ തേയില തോട്ടത്തില്‍ തേയില നുള്ളുകയായിരുന്ന തൊഴിലാളിക്ക് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പരുക്കേറ്റു. മലക്കപ്പാറ എസ്റ്റേറ്റിലെ ജാനകി ഷണ്മുഖ (55) നാണ് പരുക്കേറ്റത്. വെള്ളി രാവിലെയായിരുന്നു സംഭവം. കാലിന്റെ തുടയില്‍ ഗുരുതരമായി പരുക്കേറ്റ ഇവരെ ഉരുണിക്കല്‍ ടാറ്റാ ആശുപത്രിയിലും പിന്നീട് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

 തേയില തോട്ടത്തില്‍ കൂട്ടംതെറ്റി നില്‍ക്കുകയായിരുന്ന കാട്ടുപോത്ത് അപ്രതീക്ഷിതമായി ഇവര്‍ക്ക് നേരേ തിരിയുകയായിരുന്നു. ഓടി രക്ഷപ്പെടാന്‍ ശ്രമം നടത്തുന്നതിനിടെ നിലത്തുവീണ ഇവരെ കാട്ടുപോത്ത് ആക്രമിക്കുകയായിരുന്നു. മറ്റ് തൊഴിലാളികള്‍ ബഹളം വച്ചതോടെയാണ് കാട്ടുപോത്ത് പോയത്. പ്രദേശത്ത് കാട്ടുപോത്തിന്റെ ശല്യം കുറച്ചുനാളായി രൂക്ഷമാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. പലരും തലനാരിഴയ്ക്കാണ് രക്ഷപ്പെടുന്നത്.
 

Share this story