കേന്ദ്ര സര്‍ക്കാരിന്‍റേത് പൂര്‍വ്വികര്‍ ഉണ്ടാക്കിയത് മുഴുവന്‍ വിറ്റു തുലക്കുന്ന സമീപനം : കെ സുധാകരന്‍ എം.പി

sudhakaran

കണ്ണൂർ:കേന്ദ്ര സര്‍ക്കാരിന്‍റേത്  പൂര്‍വ്വികര്‍ ഉണ്ടാക്കിയത് മുഴുവന്‍ വിറ്റു തുലക്കുന്ന സമീപനമാണെന്നും ഇതിന്‍റെ ഉദാഹരണമാണ് കണ്ണൂരിലെ റെയില്‍വേ ഭൂമി സ്വകാര്യ വ്യക്തികള്‍ക്ക് കൈമാറാനുള്ള തീരുമാനമെന്നും  കെ സുധാകരന്‍ എം.പി പറഞ്ഞു. കണ്ണൂരിലെ റെയില്‍വേ ഭൂമി സ്വകാര്യവത്കരിക്കുന്നതിനെതിരെ കണ്ണൂര്‍ കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍  നടന്ന റെയില്‍വേ സ്റ്റേഷന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇതിനെതിരെ നാട് ഒറ്റക്കെട്ടായി നിന്നാല്‍ ഒരു മുതലാളിയും ഇങ്ങോട്ട് കടന്നു വരില്ല. ഈ നീക്കത്തെ ജനകീയ മുന്നേറ്റത്തിലൂടെ ചെറുക്കാന്‍ നമുക്ക് സാധിക്കും. ഇതിനുള്ള തുടക്കമാണ് കണ്ണൂര്‍ കോര്‍പ്പറേഷന്‍റെ നേതൃത്വത്തില്‍ നടത്തിയിട്ടുള്ളത്. കണ്ണൂരിന്‍റെ റോഡ് വികസനം ഉള്‍പ്പെടെയുള്ള വികസന സാധ്യതകളുടെ ആണിക്കല്ല് ഇളക്കുന്ന റെയില്‍വേയുടെ നടപടി പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

മേയര്‍ അഡ്വ.ടി.ഒ മോഹനന്‍ അധ്യക്ഷത വഹിച്ചു. എം പി മാരായ ഡോ.വി ശിവദാസന്‍പി സന്തോഷ് കുമാര്‍, എം.എല്‍ എ മാരായ രാമചന്ദ്രന്‍ കടന്നപ്പള്ളി, കെ വി സുമേഷ്, ഡി സി സി പ്രസിഡന്‍റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്ജ്, എം പ്രകാശന്‍ മാസ്റ്റര്‍, ഡെപ്യൂട്ടി മേയര്‍ കെ ഷബീന ടീച്ചര്‍, മുസ്ളിഹ് മഠത്തില്‍, വെള്ളോറ രാജന്‍, പി കെ രാഗേഷ് തുടങ്ങിയവര്‍ സംസാരിച്ചു. സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ പി ഷമീമ ടീച്ചര്‍, എം.പി രാജേഷ്, അഡ്വ.പി ഇന്ദിര, ഷാഹിന മൊയ്തീന്‍, കൗണ്‍സിലര്‍മാരായ  കൂക്കിരി രാജേഷ്, എൻ സുകന്യ,
കെ പി അബ്ദുള്‍ റസാഖ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share this story