ചാലക്കുടി പുഴയില്‍ ജാഗ്രത; ജലനിരപ്പ് അപകടനിലയിലല്ലെന്ന് നഗരസഭാ ചെയര്‍മാന്‍
chalakkudi river

പറമ്പിക്കുളത്ത് ഷട്ടര്‍ തകരാറിലായ സാഹചര്യത്തില്‍ ചാലക്കുടി പുഴയോരത്തെ ജനങ്ങള്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് നഗരസഭാ ചെയര്‍മാന്‍ എബി. വെളുപ്പിന് മൂന്ന് മണിയോടെ തന്നെ എംഎല്‍എയും കളക്ടറും വിളിച്ച് വിഷയം അറിയിച്ചു. അപ്പോള്‍ തന്നെ പ്രദേശവാസികളോട് വിവരമറിയിച്ച് നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. പൊലീസിന്റെയും ഇടപെടല്‍ തുടരുകയാണെന്നും ചെയര്‍മാന്‍ പറഞ്ഞു.
7മീറ്റര്‍ ആണ് അപകടനില. ഇപ്പോള്‍ 1 മീറ്ററിലാണ് ജലനിരപ്പ്. അതുകൊണ്ട് തന്നെ പേടിപ്പെടുത്തുന്ന ഒരു സാഹചര്യം നിലവിലില്ല. രണ്ട് പ്രളയം കഴിഞ്ഞതോടെ ചാലക്കുടിയിലെ ജലനിരപ്പിനെ കുറിച്ചറിയാം. കൗണ്‍സിലര്‍മാര്‍ വഴിയാണ് ജനങ്ങളിലേക്ക് നിര്‍ദേശങ്ങളെത്തിക്കുന്നത്.
പെരിങ്ങല്‍ക്കുത്ത് ഡാമിന്റെ ഷട്ടറുകള്‍ തുറക്കുന്നതിനാലാണ് ചാലക്കുടി പുഴയോരത്തുള്ളവര്‍ക്ക് ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കിയിരിക്കുന്നത്. പറമ്പിക്കുളം റിസര്‍വോയറിന്റെ ഒരു ഷട്ടര്‍ തകരാറിലായതിനെ തുടര്‍ന്ന് ഇന്ന് പുലര്‍ച്ചെ രണ്ടു മണി മുതല്‍ 20,000 ക്യുസെക്‌സ് വെള്ളം പെരിങ്ങല്‍ക്കുത്ത് ഡാമിലേക്ക് ഒഴുകി എത്തിക്കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ജാഗ്രതാ നിര്‍ദേശം.

Share this story