മൊഴിമാറ്റാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസ്; ഷാജ് കിരണും ഇബ്രാഹിമും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും

google news
shaj
ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പൊലീസ് ക്ലബ്ബിലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത്

സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന കേസില്‍ ഷാജ് കിരണും ഇബ്രാഹിമും ഇന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകും. ഉച്ചയ്ക്ക് രണ്ട് മണിയോടെ എറണാകുളം പൊലീസ് ക്ലബ്ബിലാണ് അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകുന്നത്. ഇരുവരുടേയും ജാമ്യാപേക്ഷ കഴിഞ്ഞ ദിവസം ഹൈക്കോടതി തീര്‍പ്പാക്കിയിരുന്നു. ഇരുവരും പുലര്‍ച്ചയോടെ ചെന്നൈയില്‍ നിന്നും കേരളത്തില്‍ തിരിച്ചെത്തി. ഷാജ് കിരണും ഇബ്രാഹിമും കേസില്‍ നിലവില്‍ പ്രതികളല്ലെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു മുന്‍കൂര്‍ ജാമ്യാപേക്ഷ തീര്‍പ്പാക്കിയത്. ആവശ്യമെങ്കില്‍ ഇരുവരേയും പൊലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാം എന്നും കോടതി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിന്‍വലിക്കാന്‍ സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്നാ സുരേഷിനെ സമ്മര്‍ദ്ദം ചെലുത്തിയെന്നാണ് കേസ്. അറസ്റ്റിന് സാധ്യതയുണ്ടെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാന്‍ തയാറാണെന്നും അതുവരെ അറസ്റ്റ് പാടില്ലെന്നും ജാമ്യാപേക്ഷയില്‍ പറഞ്ഞിരുന്നു. രാഷ്ട്രീയ നേട്ടത്തിനായി തന്നെ ഗൂഢാലോചനയില്‍ കുടുക്കിയതാണെന്നും ശബ്ദസന്ദേശത്തില്‍ കൃത്രിമം കാട്ടിയെന്നും ഷാജ് കിരണ്‍ ആരോപിച്ചിരുന്നു.

Tags