സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പൊലീസുകാരനെതിരെ കേസ്

fraud

ഷെയര്‍മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തത്.

സാമ്പത്തിക തട്ടിപ്പ് പരാതിയില്‍ പൊലീസുകാരനെതിരെ കേസ്. ഒറ്റപ്പാലം സ്റ്റേഷനിലെ രവി ശങ്കറിനെതിരെയാണ് തിരുവനന്തപുരത്തെ വിവിധ സ്റ്റേഷനുകളില്‍ കേസെടുത്തിരിക്കുന്നത്.

ഷെയര്‍മാര്‍ക്കറ്റില്‍ രജിസ്റ്റര്‍ ചെയ്യാനെന്ന പേരില്‍ സുഹൃത്തുക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നുമായി ഒരു കോടിയോളം രൂപ തട്ടിയെടുത്തെന്ന പരാതിയിലാണ് കേസെടുത്തത്. നെടുമങ്ങാട്, പാങ്ങോട് സ്റ്റേഷനുകളിലാണ് രവി ശങ്കറിനെതിരെ കേസുള്ളത്. പരാതിക്കാര്‍ക്ക് ആദ്യ നാളുകളില്‍ ഇയാള്‍ ലാഭവിഹിതം നല്‍കിയീരുന്നു. എന്നാല്‍കഴിഞ്ഞ രണ്ട് വര്‍ഷമായി തുകയോ പലിശയോ നല്‍കുന്നില്ല. പൊലീസുകാരന്‍ സാമ്പത്തിക തട്ടിപ്പുനടത്തിയെന്നും വഞ്ചന കാണിച്ചുവെന്നുമാണ് പരാതി. ഡിജിപ്പിയ്ക്കും റൂറല്‍ എസ്പിക്കും പരാതി നല്‍കിയെന്നും പണം കടം വാങ്ങിയവര്‍ക്കു മുന്നില്‍ ഉത്തരമില്ലാതെയായെന്നും പരാതിക്കാരിലൊരാളായ വിമുക്തഭടന്‍ മുരളീധരന്‍ നായര്‍ പറയുന്നു.

രണ്ടു വര്‍ഷത്തിലേറെയായി പണം ലഭിക്കാതായതോടെയാണ് പരാതി നല്‍കിയതെന്ന് ജയശങ്കറിന്റെ അയല്‍വാസിയായ വിജയന്‍ പിള്ള. നിലവില്‍ പ്രതി ഒളിവിലാണ്.മെഡിക്കല്‍ അവധിയില്‍ പോയ ശേഷം ഇയാളെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഒറ്റപ്പാലം പൊലീസ് സ്റ്റേഷനില്‍ നിന്ന് ലഭിക്കുന്ന വിവരം.

Share this story