കാലിക്കറ്റ് സർവകലാശാല ചോദ്യപേപ്പർ ആവർത്തിച്ച സംഭവം; നടപടിക്ക് ശുപാർശ
Calicut University


കോഴിക്കോട്: ചോദ്യ പേപ്പർ ആവർത്തിച്ച സംഭവത്തിൽ കാലിക്കറ്റ് സർവകലാശാല അധികൃതർക്കെതിരെ നടപടിക്ക് ശുപാർശ. നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സിൻഡിക്കേറ്റിനോട് ശുപാർശ ചെയ്‌തതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. കാലിക്കറ്റ് സർവകലാശാല ഡിഗ്രി രണ്ടാം സെമസ്‌റ്റർ പരീക്ഷയുടെ ചോദ്യപേപ്പറുകൾ ആവർത്തിച്ച സംഭവത്തിലാണ് നടപടി.

ഡിഗ്രി രണ്ടാം സെമസ്‌റ്ററിലെ റൈറ്റിങ് ഫോർ അക്കാദമിക് ആൻഡ് പ്രൊഫഷണൽ സക്‌സസ് എന്ന പേപ്പറിന്റെ പരീക്ഷയിലാണ് കഴിഞ്ഞ തവണത്തെ അതേ ചോദ്യങ്ങൾ ആവർത്തിച്ചത്. ഇക്കഴിഞ്ഞ മാർച്ച് നാലിനായിരുന്നു പരീക്ഷ നടന്നത്. പരാതികൾ ഉയർന്നതിനെ തുടർന്ന് ഏപ്രിൽ 12ന് ഈ പരീക്ഷ റദ്ദാക്കിക്കൊണ്ട് സർവകലാശാല ഉത്തരവിടുകയായിരുന്നു. ഏപ്രിൽ 25ന് പുനഃപരീക്ഷ നടത്തുമെന്നും റദ്ദാക്കിക്കൊണ്ട് ഇറക്കിയ ഉത്തരവിൽ പറഞ്ഞിരുന്നു.

എന്നാൽ, പരീക്ഷ റദ്ദാക്കാനുള്ള കാരണം വ്യക്‌തമാക്കിയിരുന്നില്ല. ചോദ്യപേപ്പർ തയ്യാറാക്കിയ അധ്യാപകരുടെ അനാസ്‌ഥയാണ് ആയിരകണക്കിന് വിദ്യാർഥികളെ ദുരിതത്തിൽ ആക്കിയത്. എന്നാൽ, ഇതുവരെ ഒരു നടപടിയും എടുത്തിരുന്നില്ല. ഇതോടെ വിദ്യാർഥികൾ പ്രതിഷേധവുമായി ഇറങ്ങി. പ്രതിഷേധം കടുത്തതോടെയാണ് കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ ചെയ്യാൻ പരീക്ഷാ കൺട്രോളർ തീരുമാനിച്ചത്.

പുനഃപരീക്ഷ ഏപ്രിൽ 25ന് തന്നെ നടക്കുമെന്നും പരീക്ഷാ കൺട്രോളർ അറിയിച്ചു. അതിനിടെ കണ്ണൂർ സർവകലാശാലയിലെ ചോദ്യപേപ്പറിൽ വീണ്ടും ആവർത്തനം ഉണ്ടായതായി ആരോപണം. ഏപ്രിൽ 21ന് നടന്ന മൂന്നാം സെമസ്‌റ്റർ ബോട്ടണി പരീക്ഷയുടെ ചോദ്യപേപ്പറും ആവർത്തിച്ചതായാണ് പരാതി. ആൾഗേ ആൻഡ് ബ്രയോഫൈറ്റ്‌സ്‌ ചോദ്യപേപ്പറാണ് ആവർത്തിച്ചത്.

2020ൽ നടത്തിയ പരീക്ഷയുടെ 95 ശതമാനം ചോദ്യങ്ങളും ഈ വർഷവും ചോദിച്ചു. ചോദ്യപേപ്പർ ആവർത്തനത്തെ തുടർന്ന് രണ്ട് പരീക്ഷകൾ കണ്ണൂർ സർവകലാശാല കഴിഞ്ഞ ദിവസം റദ്ദാക്കിയിരുന്നു. കഴിഞ്ഞ വർഷത്തെ അതേ ചോദ്യപേപ്പറായിരുന്നു നൽകിയത്. പുതിയ പരീക്ഷാ തീയതികൾ പിന്നീട് അറിയിക്കുമെന്നാണ് സർവകലാശാലയുടെ അറിയിപ്പ്.

Share this story