വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് സർവകലാശാല

google news
calicut

കോഴിക്കോട്: അഭിപ്രായ സ്വാതന്ത്ര്യം വിലക്കുന്ന വിവാദ ഉത്തരവുകളുമായി കാലിക്കറ്റ് സർവകലാശാല. സർവകലാശാലയിലെ ചെയറുകൾ നടത്തുന്ന പരിപാടികൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയത്തിന് എതിരാകരുതെന്നാണ് ഒന്നാം ഉത്തരവിൽ പറയുന്നത്. സിൻഡിക്കേറ്റിലെ എതിരഭിപ്രായങ്ങൾ രേഖപ്പെടുത്തണമെങ്കിൽ ഭരണപക്ഷം അത് ചർച്ച ചെയ്ത് അംഗീകരിക്കണമെന്നാണ് മറ്റൊരു ഉത്തരവ്.

സർവ്വകലാശാലയിലെ വിവിധ ചെയറുകളുടെ ചുമതലയുള്ളവ‍ർക്ക് നൽകിയ കത്തിലാണ് വിചിത്രമായ നിർദ്ദേശമുള്ളത്. കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ നയത്തിന് വിരുദ്ധമായ വിഷയങ്ങൾ ചെയറുകളുടെ പരിപാടികളിൽ അവതരിപ്പിക്കരുതെന്ന് കാലിക്കറ്റ് സർവകലാശാല ഉത്തരവ് ജനാധിപത്യ വിരുദ്ധമാണെന്നാണ് ഉയരുന്ന വിമർശനം. ഫലത്തിൽ ഈ ഉത്തരവ് കാരണം പൊതുതാല്പര്യമുള്ള വിഷയങ്ങളിലൊന്നും സെമിനാറുകളോ ചർച്ചകളോ നടത്താൻ ചെയറുകൾക്കാവില്ല. അതേസമയം, സിൻഡിക്കേറ്റിലെ വിയോജന കുറിപ്പുകൾ ഇനി കാലിക്കറ്റ് സർവകലാശാല രേഖകളിൽ ഉണ്ടാകില്ല. ഭരണപക്ഷം അംഗീകരിച്ചാൽ മാത്രമായിരിക്കും ഇത്തരം കാര്യങ്ങൾ ഇനി പ്രസിദ്ധീകരിക്കുന്നത് എന്നാണ് സർവ്വകലാശാലയുടെ മറ്റൊരു ഉത്തരവ്.

സിൻഡിക്കേറ്റ് യോഗങ്ങളിലെ വിയോജനക്കുറിപ്പുകൾ പുറത്ത് വരേണ്ടതില്ല. അവ തെറ്റിദ്ധരിപ്പിക്കുന്നതാണ്. പ്രതിപക്ഷം അവതരിപ്പിക്കുന്ന  വിയോജനക്കുറിപ്പ്  ഇനി ഭരണപക്ഷം ചർച്ച ചെയ്ത് അംഗീകരിച്ചാൽ മാത്രമേ രേഖപ്പെടുത്തേണ്ടതുള്ളൂ എന്നാണ് കാലിക്കറ്റ് സർവകലാശാലയുടെ തീരുമാനം. രണ്ട് ഉത്തരവുകളും ജനാധിപത്യ വിരുദ്ധമാണെന്ന വിമർശനം ഉയ‍ർന്നു കഴിഞ്ഞു. അതേസമയം, ഏത് സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഉത്തരവുകളിറക്കിയതെന്ന് വ്യക്തമാക്കാൻ സർവ്വകലാശാല അധികൃതർ തയ്യാറായില്ല. 

Tags