കേരളത്തിൽ സിപിഐഎം ഗുണ്ടകളും പൊലീസും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുന്നു : വി.‍ഡി. സതീശൻ
vd satheesan


കേരളത്തിൽ സിപിഐഎം ഗുണ്ടകളും പൊലീസും ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയാണെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. രക്തസാക്ഷികളെ ഉണ്ടാക്കാനുള്ള ശ്രമമാണ് ഇവിടെ നടക്കുന്നത്. ഇതിന് വ്യക്തമായ തെളിവുണ്ട്. സമൂഹ മാധ്യമങ്ങളിലൂടെയും അല്ലാതെയും ആക്രമണങ്ങൾക്ക് ആഹ്വാനം നടക്കുന്നുണ്ട്. സിപിഐഎം ക്രിമിനലുകളെ കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് പറഞ്ഞുവിട്ട ആദ്യ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍.

 പ്രതികളെ ജാമ്യത്തിൽ വിട്ടത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ച് പറഞ്ഞിട്ടാണെന്നത് വ്യക്തമാണ്. വിമാനത്തിൽ വെച്ച് മുഖ്യമന്ത്രിക്കെതിരെ വധശ്രമം നടന്നുവെന്ന ഇപി ജയരാജന്‍റെ പ്രസ്താവന കള്ളമാണെന്ന് തെളിഞ്ഞിരിക്കുകയാണെന്നും സതീശന്‍ വ്യക്തമാക്കി.

തലശേരി മൂഴിക്കര കോപ്പാലത്തിനടുത്ത് കോൺഗ്രസ് നേതാവിന്റെ വീടിനുനേരെ പെട്രോൾ ബോംബേറ് നടന്നിരുന്നു. കോടിയേരി കോൺഗ്രസ് ബ്ലോക്ക് കമ്മിറ്റി അംഗം പി എം കനകരാജിന്റെ വീടിനുനേരെയാണ് ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുമ്പോൾ കനകരാജ് വീട്ടിലുണ്ടായിരുന്നില്ല. അമ്മയും ഭാര്യയുമാണ് വീട്ടിലുണ്ടായിരുന്നത്. വീടിന്റെ ജനലുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇതിനുപിന്നിലുള്ള പ്രകോപനം, ആരാണ് എറിഞ്ഞതെന്ന് സംബന്ധിച്ചുള്ള കാര്യങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

Share this story