സിപിഐ ജില്ലാ സമ്മേളനങ്ങളില്‍ പൊലീസിനെതിരെ കടുത്ത വിമര്‍ശനം

google news
cpi



തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് കീഴിലെ പൊലീസിനെതിരെ സിപിഎം ജില്ലാ നേതൃത്വവും സൈബര്‍ സംഘങ്ങളും നടത്തുന്നത് സമാനതകളില്ലാത്ത വിമര്‍ശനം. കോഴിക്കോട്ടും കൊച്ചിയിലുമായി അടുത്തിടെ നടന്ന രണ്ട് കേസുകളുടെ പശ്ചാത്തലത്തിലാണ് സേനക്കെതിരായ പാര്‍ട്ടി നീക്കം. കോഴിക്കോട് ജില്ലാ സെക്രട്ടറിക്ക് പിന്തുണയുമായി എംവി ഗോവിന്ദന്‍ കൂടി രംഗത്തെത്തിയതോടെ പൊലീസ് വിമര്‍ശനം സംസ്ഥാന നേതൃത്വവും ശരി വയ്ക്കുകയാണ്

പിണറായിക്ക് കീഴിലെ പൊലീസിനെതിരെ പാര്‍ട്ടി വിമര്‍ശനം ഇതാദ്യമായിട്ടല്ല. സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായി നടന്ന പാര്‍ട്ടി സമ്മേളനങ്ങളിലെല്ലാം ആഭ്യന്തര വകുപ്പും പൊലീസ് സേനയും വിമര്‍ശന മുനയിലായിരുന്നു. ഇപ്പോള്‍ തുടരുന്ന സിപിഐ ജില്ലാ സമ്മേളനങ്ങളിലും പൊലീസിനെതിരെയുള്ളത് കടുത്ത വിമര്‍ശനമാണ്. 

സര്‍ക്കാരിന്റെ മുഖം മിനുക്കാന്‍ സിപിഎം നേതൃത്വം ഇടപെട്ട് ശ്രമം തുടങ്ങിയതിനെ പിന്നാലെയാണ് സിപിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി അടക്കം പരസ്യമായി പൊലീസിനെതിരെ  രംഗത്ത് വരുന്നത്. 

കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സെക്യൂരിറ്റി ജീവനക്കാരെ ആക്രമിച്ച ഡിവൈഎഫ്‌ഐക്കാര്‍ക്കെതിരായ നടപടിയാണ് കോഴിക്കോട്ടെ പാര്‍ട്ടിയെ പ്രകോപിപ്പിച്ചത്. സംഭവത്തില്‍ പൊലീസിന്റെ മെല്ലെപ്പോക്കാണ് ആദ്യം വലിയ രീതിയില്‍ വിമര്‍ശിക്കപ്പെട്ടത്. ഇടത് നയത്തിനെതിരാണ് പൊലീസ് പ്രവര്ത്തനമെങ്കില്‍ അത് ചൂണ്ടിക്കാണിക്കുന്നതില്‍ തെറ്റില്ലെന്നാണ് സിപിഎം സംസ്ഥാനെ സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണം.

കൊച്ചിയില്‍ വസ്തുഇടപാടുമായി ബന്ധപ്പെട്ട്  സൈബര്‍ പോരാളി പികെ സുരേഷ് കുമാര്‍ പിടിയിലായതാണ് സൈബര്‍ ഇടത്തെ പൊലീസ് വിമര്‍ശനത്തിന്റെ മറ്റൊരു കാരണം.  തിരുവഞ്ചൂരിന്റെ പൊലീസായിരുന്നു ഭേദം എന്ന് വരെ എത്തിനില്‍ക്കുകയാണ് സൈബര്‍ സഖാക്കളുടെ രോഷം.  

പാര്‍ട്ടിക്കാര്‍ ഉള്‍പ്പെട്ട കേസില്‍ ഇടപെട്ടില്ലെങ്കില്‍ പ്രതിപക്ഷ വിമര്‍ശനം, ഇടപെട്ടാല്‍ പാര്‍ട്ടി വിമര്‍ശനം എന്ന സ്ഥിതി  വന്നതോടെ പൊലീസ് സേനക്ക് അകത്തും ആശയക്കുഴപ്പമാണ്. പൊലീസിനെതിരായ സിപിഎം നിലപാട് എതിരാളികളും നന്നായി ആയുധമാക്കുന്നുണ്ട്. പൊലീസിനെ നിയന്ത്രിക്കുന്നത് പാര്‍ട്ടി തന്നെയാണെന്നും. നിയന്ത്രണം പോകുമ്പോളാണ് നേതാക്കളുടെ പരസ്യവിമര്‍ശനവുമെന്നാണ് കുറ്റപ്പെടുത്തല്‍.

Tags