വീടിന് നേരെ ബോംബേറ് ; അമ്മയും മകനും അടക്കം മൂന്നു പേര്‍ക്കെതിരെ കേസെടുത്തു

bomb attack

തിരുവനന്തപുരം നഗരത്തില്‍ വീടിന് നേരെ ബോംബേറ്. പുലര്‍ച്ചെയുണ്ടായ ആക്രമണത്തില്‍ വീട്ടില്‍ തീ ആളിപ്പടര്‍ന്നെങ്കിലും വീട്ടുകാര്‍ വെള്ളമൊഴിച്ച് കെടുത്തുകയായിരുന്നു.സാമ്പത്തിക തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് സൂചന.

വീട്ടുടമയുടെ പരാതിയില്‍ കുടപ്പനക്കുന്ന് സ്വദേശിക്കളായ അമ്മയ്ക്കും മകനുമടക്കം മൂന്ന് പേര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം തുടങ്ങി
പുലര്‍ച്ചെ നാലരക്കാണ് കാറിലെത്തിയ സംഘം പ്രവീണ്‍ ചന്ദ്രന്റെ കവടിയാറിലെ വീട്ടിന് നേരെ ബോംബേറിഞ്ഞത്. കാറിലെത്തിയ അക്രമികള്‍ പെട്രോള്‍ ബോംബ് എറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. പെട്രോള്‍ നിറച്ച കുപ്പിയില്‍ പടക്കം കെട്ടിവച്ച് തീ കൊളുത്തി എറിയുകയായിരുന്നു. സ്‌ഫോടത്തില്‍ വീടിന് തീ പിടിച്ചു. കാര്‍ വില്‍പ്പനയുമായി ബന്ധപ്പെട്ട് തര്‍ക്കമാണ് ആക്രമണത്തിന് പിന്നിലെന്നാണ് വീട്ടുടമ പ്രവീണ്‍ ചന്ദ്രന്റെ ആരോപണം.
പരാതിയില്‍ കുടുപ്പനക്കുന്ന് സ്വദേശികളായ അവിനാശ് സുധീര്‍, അമ്മ ദര്‍ശന ജോര്‍ജ് ഓണക്കൂര്‍, തിരിച്ചറിയാനാവാത്ത മറ്റൊരാള്‍ എന്നിവര്‍ക്കെതിരെ കേസെടുത്തു. സ്‌ഫോടന നിയമ പ്രകാരമാണ് കേസെടുത്തത്. സംഭവ സമയത്ത് ഇവരുടേതെന്ന് കരുതുന്ന കാര്‍ വീടിന് സമീപത്തുകൂടി കടന്ന് പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. 

Share this story