പ്രവാചക നിന്ദ; നാളെ നടക്കുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ നിന്ന് പിന്‍മാറി മുസ്ലിം സംഘടനകള്‍

google news
സംഘടനയുടെ പേര് എഴുതരുതെന്നും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.

പ്രവാചക നിന്ദ വിഷയത്തില്‍ മുസ്ലിം കോര്‍ഡിനേഷന്‍ കമ്മിറ്റി എന്ന സംഘടനയുടെ പേരില്‍ നടത്താനിരുന്ന രാജ്ഭവന്‍ മാര്‍ച്ചില്‍ നിന്ന് പിന്‍മാറി പ്രമുഖ മുസ്ലിം സംഘടനകള്‍.സമസ്തയും മുസ്ലിം ലീഗും മാര്‍ച്ചുമായി തങ്ങള്‍ക്ക് ഒരു ബന്ധമില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. മാര്‍ച്ചുമായി സംഘടനക്കും പോഷക വിഭാഗങ്ങള്‍ക്കും ബന്ധമില്ലെന്ന് ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് കെ.പി അബൂബക്കര്‍ ഹസ്രത്തും കേരള മുസ്ലിം ജമാഅത്ത് ഫെഡറേഷന്‍ പ്രസിഡന്റ് കടക്കല്‍ അബ്ദുല്‍ അസീസ് മൗലവിയും സെക്രട്ടറി തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവിയും പത്രക്കുറിപ്പില്‍ അറിയിച്ചു.
രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന സംഘടനകളോടൊപ്പം കെ.എന്‍.എമ്മിന്റെ പേരും ശ്രദ്ധയില്‍പെട്ടെന്നും ഇതില്‍ സംഘടനയുടെ പേര് എഴുതരുതെന്നും സമരത്തില്‍ പങ്കെടുക്കുന്നില്ലെന്നും കെ.എന്‍.എം പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പറഞ്ഞു.
രാജ്ഭവന്‍ മര്‍ച്ചില്‍ സംഘടനയുടെ പേരും എഴുതിക്കണ്ടെന്നും സംഘടനയുടെ അനുവാദമില്ലാതെ പോസ്റ്ററുകളിലും നോട്ടിസിലും പേരെഴുതിയതില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും മാര്‍ച്ചുമായി ബന്ധമില്ലെന്നും എം.എസ്.എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ വാര്‍ത്താകുറിപ്പിറക്കി.

കഴിഞ്ഞ ദിവസമാണ് കണക്ടിങ് വേള്‍ഡ്‌റൈറ്റ് ക്ലിക്ക് എന്ന വ്യാജ ഇമെയിലില്‍ നിന്നും പ്രവാചക നിന്ദക്കെതിരെ രാജ്ഭവന്‍ മാര്‍ച്ചിന്റെ അറിയിപ്പ് സംഘടനകള്‍ക്കും പത്രമാധ്യമങ്ങള്‍ക്കും ലഭിച്ചത്. പ്രവാചക നിന്ദക്കെതിരെയും ഭരണകൂട വേട്ടക്കെതിരേയും വിശ്വാസി സമൂഹം ഒരു കുടക്കീഴില്‍ രാജ്ഭവനിലേക്ക് മാര്‍ച്ച് ചെയ്യുകയാണ്. ഇതില്‍ മുസ്ലിം ലീഗ്, പി.ഡി.പി, ഐ.എന്‍.എല്‍, വെല്‍ഫെയര്‍ പാര്‍ട്ടി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, ദക്ഷിണ കേരള ജംഇയ്യത്തുല്‍ ഉലമ, പോപ്പുലര്‍ ഫ്രണ്ട്, ജമാഅത്തെ ഇസ്ലാമി, കെ.എന്‍.എം, വിസ്ഡം ഗ്ലോബല്‍, മര്‍ക്കസുദ്ദഅ്വ, മെക്ക, ജംഇയ്യത്തുല്‍ ഉലമാ ഹിന്ദ്, ലജ്‌നത്തുല്‍ മുഅല്ലിമീന്‍, മുസ്ലിം അസോസിയേഷന്‍, എം.ഇ.എസ്, എം.എസ്.എസ്, ഇമാംസ് കൗണ്‍സില്‍, കച്ചി മേമന്‍ജമാഅത്ത്, ജമാഅത്തെ ഇസ്ലാമി, സോളിഡാരിറ്റി തുടങ്ങി 40 ഓളം മുസ്ലിം സംഘടനകള്‍ മാര്‍ച്ചില്‍ അണിനിരക്കുന്നുണ്ടെന്നായിരുന്നു സന്ദേശം.

Tags