മുഖ്യമന്ത്രിക്കെതിരായ കരിങ്കൊടി; കരുതല്‍ തടങ്കലില്‍ 25 പേര്‍, സുപ്രീകോടതി വിധി ലംഘനമെന്ന് ആരോപണം
pinarayi
സര്‍ക്കാരുകള്‍ക്കുള്ള അസാധാരണ അധികാരമാണ് കരുതല്‍ തടങ്കല്‍ നിയമം.

മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി കാണിക്കുന്നത് തടയാനായി സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി പൊലീസ് കരുതല്‍ തടങ്കലിലെടുത്തത് 25 പേരെ. സാധാരണ ക്രമസമാധാന പ്രശ്‌നങ്ങള്‍ നേരിടാന്‍ കരുതല്‍ തടങ്കല്‍ നിയമം സര്‍ക്കാരുകള്‍ പ്രയോഗിക്കരുത് എന്ന സുപ്രീംകോടതി വിധിയുടെ ലംഘനമാണ് സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്ന കരുതല്‍ തടങ്കല്‍ അറസ്റ്റെന്ന ആരോപണമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാരുകള്‍ക്കുള്ള അസാധാരണ അധികാരമാണ് കരുതല്‍ തടങ്കല്‍ നിയമം. ജനങ്ങളുടെ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിക്കാവുന്ന ഈ നിയമം വളരെ മിതമായി മാത്രമേ പ്രയോഗിക്കാവൂ എന്നും ജൂലൈ നാലിന് ജസ്റ്റിസ് സി ടി രവികുമാര്‍ പുറപ്പെടുവിച്ച വിധിയില്‍ പറയുന്നുണ്ട്.

മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെ റോഡില്‍ നില്‍ക്കുന്ന പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് പൊലീസ് പിടിച്ചുകൊണ്ടുപോവുകയാണുണ്ടായത്. ചായ കുടിച്ചു നിന്നവരെയും ഖദര്‍ ധരിച്ച് കൂടി നിന്നവരെയും കരിങ്കൊടി കാണിച്ചവരുടെ പിന്നാലെ വന്നവരെയുമൊക്കെയാണ് കരുതല്‍ തടങ്കല്‍ എന്ന് പേരില്‍ പൊലീസ് അറസ്റ്റുചെയ്തു നീക്കിയത് എന്നാണ് ആരോപണം.

Share this story