യൂട്യൂബ് വഴി ബൈക്ക് മോഷണം പഠിച്ച് മൂന്നാറിൽ നിന്ന് ബൈക്ക് മോഷ്ടിച്ച രണ്ടുപേര്‍ അറസ്റ്റില്‍

google news
bike teft

മൂന്നാര്‍ : ദേവാലയത്തിനു സമീപത്തുനിന്ന് ബൈക്ക് മോഷ്ടിച്ച സംഭവത്തില്‍ രണ്ടുപേര്‍ അറസ്റ്റില്‍. മോഷണംപോയ ബൈക്ക് തമിഴ്‌നാട്ടിലെ തേനിയില്‍ ഒളിപ്പിച്ചനിലയില്‍ കണ്ടെത്തി.

മൂന്നാര്‍ ഇക്കാനഗര്‍ രാജീവ് ഗാന്ധി കോളനിയില്‍ ആര്‍. ബിനു (18), സുഹൃത്ത് ലക്ഷ്മിപാര്‍വതി ഡിവിഷനില്‍ കെ. രാമകൃഷ്ണമൂര്‍ത്തി (19) എന്നിവരാണ് അറസ്റ്റിലായത്. ബൈക്ക്, തേനിയിലെ ഇവരുടെ സുഹൃത്തിന്റെ വീട്ടില്‍നിന്നാണ് കണ്ടെടുത്തത്. ബൈക്കിന്റെ നമ്പര്‍, സ്റ്റിക്കറുകള്‍ എന്നിവ മാറ്റിയനിലയിലും പെട്രോള്‍ ടാങ്ക് കേടുവരുത്തിയനിലയിലുമാണ്.

കഴിഞ്ഞ 18-ന് രാത്രിയിലാണ് ടൗണിനു സമീപമുള്ള മൗണ്ട് കാര്‍മല്‍ ദേവാലയത്തിനുസമീപമുള്ള വി.എസ്.എസ്.എസ്. കേന്ദ്രത്തിനു മുന്‍പില്‍ പാര്‍ക്കുചെയ്തിരുന്ന ബൈക്ക് മോഷണം പോയത്.തൊടുപുഴ സ്വദേശിയും കാവല്‍ പ്ലസ് എന്ന പദ്ധതിയിലെ കൗണ്‍സലറുമായ അനൂപ് ജോണ്‍സന്റെ ഒന്നരലക്ഷത്തിലധികം രൂപ വിലവരുന്ന ബൈക്കാണ് മോഷണം പോയത്.

ഉടമയുടെ പരാതിയെ തുടര്‍ന്ന് മൂന്നാര്‍ പോലീസ് ടൗണിലും പരിസരങ്ങളിലുമുള്ള നിരവധി നിരീക്ഷണക്യാമറകള്‍ പരിശോധിച്ചിരുന്നു. കൂടാതെ തമിഴ്‌നാട്ടില്‍ അടുത്തിടെനടന്ന ബൈക്ക് മോഷണക്കേസുകളില്‍ പ്രതികളായവരെക്കുറിച്ചും അന്വേഷണം നടത്തി.ഇതിനിടയിലാണ് തമിഴ്‌നാട്ടില്‍ നടന്ന ഒരു ബൈക്ക് മോഷണക്കേസില്‍ പ്രതികളിലൊരാളായ ബിനു ഉള്‍പ്പെട്ടതായി കണ്ടെത്തിയത്.

തുടര്‍ന്ന് ഇയാളെക്കുറിച്ച് അന്വേഷണം നടത്തിയെങ്കിലും മോഷണംനടന്ന 18 മുതല്‍ ഇയാള്‍ സ്ഥലത്തില്ലെന്ന് മനസ്സിലായി. കഴിഞ്ഞ ദിവസം രാജീവ്ഗാന്ധി കോളനിയില്‍ ഇയാളെത്തിയതറിഞ്ഞ് പിടികൂടുകയായിരുന്നു. കൂടുതല്‍ ചോദ്യംചെയ്തപ്പോഴാണ് കൂട്ടുപ്രതിയായ രാമകൃഷ്ണമൂര്‍ത്തിയുടെ പങ്കു കണ്ടെത്തിയത്. യൂട്യൂബില്‍നിന്നുമാണ് ബൈക്ക് സ്റ്റാര്‍ട്ടാക്കാനുള്ള വിവരം പഠിച്ചതെന്നും ഇത് വിറ്റുകിട്ടുന്ന പണം ആര്‍ഭാട ജീവിതത്തിന് ഉപയോഗിക്കാനാണെന്നും ഇരുവരും പറഞ്ഞു.

മൂന്നാര്‍ ഡിവൈ.എസ്.പി. കെ.ആര്‍.മനോജിന്റെ നേതൃത്വത്തില്‍ എസ്.എച്ച്.ഒ. മനേഷ് കെ.പൗലോസ്, പ്രിന്‍സിപ്പല്‍ എസ്.ഐ. ഷാഹുല്‍ ഹമീദ്, എസ്.ഐ. എം.കെ. നിസ്സാര്‍, എ.എസ്.ഐ. സി.വി. ചന്ദ്രന്‍, സി.പി.ഒ. ജിബിന്‍ എം.ടി, കെ.അറുമുഖന്‍, വിന്‍സന്റ് തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹജരാക്കി റിമാന്‍ഡുചെയ്തു.

Tags