ഇടുക്കിയിൽ ബൈക്ക് ട്രാന്‍സ്ഫോര്‍മറിലേക്ക് ഇടിച്ച് കയറിയ സംഭവം :ഓടിച്ചയാളുടേത് അടക്കം 3 പേരുടെ ലൈസന്‍സ് സസ്പെന്‍റ് ചെയ്തു
Bike crash into transformer in Idukki


ഇടുക്കി: ഇടുക്കി കട്ടപ്പന വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ സംഭവത്തില്‍ അപകടത്തിലായ ബൈക്ക് ഓടിച്ചയാളുടേതടക്കം മൂന്ന് പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു. സുരക്ഷാവേലിക്കുളളിൽ വീണ ബൈക്ക് ഓടിച്ച കട്ടപ്പന വലിയകണ്ടം സ്വദേശി വിഷ്ണു പ്രസാദ്, ഒപ്പമുണ്ടായിരുന്ന കിഴക്കേമാട്ടുക്കട്ട സ്വദേശി ആദിത്യ ഷിജു, അയ്യപ്പൻകോവിൽ സ്വദേശി നിഥിൻ ബിജു എന്നിവരുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. വിഷ്ണു പ്രസാദിന്‍റെ ലൈസൻസ് ആറ് മാസത്തേക്കും മറ്റ് രണ്ട് പേരുടെയും ലൈസൻസ് മൂന്ന് മാസത്തേക്കുമാണ് സസ്പെൻഡ് ചെയ്തത്.

അപകടത്തിൽപെട്ടത് ഉൾപ്പെടെ മൂന്ന് ബൈക്കുകളും പൊലീസ് കസ്റ്റഡിയിലാണ്. ബൈക്കുകൾ രൂപമാറ്റം വരുത്തിയതായും ആർടിഒയുടെ പരിശോധനയിൽ കണ്ടെത്തി. ഇതിനെതിരെയും നടപടിയുണ്ടാകും. മത്സരയോട്ടങ്ങൾ തടയുന്നതിന്‍റെ ഭാഗമായി ബോധവത്കരണ പരിപാടികൾ ഉൾപ്പടെ നടത്താനുള്ള തീരുമാനത്തിലാണ് മോട്ടോർ വാഹന വകുപ്പ്.  

Share this story