ബേപ്പൂർ ആന്റ് ബിയോണ്ട് : ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതിക്കായി 10 കോടി

google news
dfcgf

ബേപ്പൂർ സമഗ്ര ടൂറിസം പദ്ധതി ബേപ്പൂർ ആന്റ് ബിയോണ്ടിനായി 10 കോടി രൂപ അനുവദിച്ചെന്ന് ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ബേപ്പൂരിൽ പദ്ധതി നിർമ്മാണ പ്രവൃത്തി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. ബേപ്പൂരിന്റെ ചരിത്രം നിലനിർത്തിക്കൊണ്ട് തന്നെ സമഗ്രമായ വികസനം സാധ്യമാക്കുകയെന്നതാണ് പദ്ധതി കൊണ്ട് ലക്ഷ്യമിടുന്നത്. പൊതുജന പങ്കാളിത്തത്തോടെ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായി ബേപ്പൂർ പോർട്ട്‌, ഫിഷിങ് ഹാർബർ തുടങ്ങി ബേപ്പൂരിന്റെയും ജില്ലയുടെയും സുസ്ഥിരവികസനം സാധ്യമാകുമെന്നും മന്ത്രി പറഞ്ഞു.

ബേപ്പൂർ ഇന്റർനാഷണൽ വാട്ടർ ഫെസ്റ്റ് മികച്ച രീതിയിൽ റിപ്പോർട്ട്‌ ചെയ്ത മാധ്യമ പ്രവർത്തകർക്കുള്ള അവാർഡുകൾ മന്ത്രി വേദിയിൽ വിതരണം ചെയ്തു. മികച്ച ദൃശ്യമാധ്യമ റിപ്പോർട്ടിങ്ങിനുള്ള അവാർഡ് മീഡിയ വൺ കോഴിക്കോട് സ്പെഷ്യൽ കറസ്പോണ്ടന്റ് ഷിദ ജഗത് ലാലിനും മികച്ച ടിവി ക്യാമറമാനുള്ള അവാർഡ് മാതൃഭൂമി ന്യൂസിലെ അരുൺ കിഷോർ എം.സിക്കുമാണ് ലഭിച്ചത്. സമഗ്ര പത്ര റിപ്പോർട്ടിങ്ങിനുള്ള അവാർഡ് മലയാള മനോരമക്കും നൽകി.
 
വാട്ടർ ഫെസ്റ്റുമായി ബന്ധപ്പെട്ട് പൊതു വിഭാഗത്തിൽ നടത്തിയ മൊബൈൽ ഫോട്ടോഗ്രാഫി,ക്യാമറ ഫോട്ടോഗ്രാഫി മത്സരത്തിൽ വിജയികളായവർക്കും പുരസ്‌കാരം നൽകി.കൂടാതെ വാട്ടർ ഫെസ്റ്റിന്റെ ഭാഗമായി പ്രവർത്തിച്ച അയ്യങ്കാളി തൊഴിലുറപ്പ് തൊഴിലാളികളെയും, ബേപ്പൂർ ക്ലീൻ ഡെസ്റ്റിനേഷൻ തൊഴിലാളികളെയും, കോഴിക്കോട് കോർപ്പറേഷൻ സാനിറ്റേഷൻ വർക്കർമാരെയും മറ്റ് തൊഴിലാളികളെയും വേദിയിൽ ആദരിച്ചു. 

മേയർ ഡോ. ബീന ഫിലിപ്പ് അധ്യക്ഷത വഹിച്ചു. ടൗൺ പ്ലാനിങ് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ കെ.കൃഷ്ണകുമാരി, വാർഡ് കൗൺസിലർമാരായ ടി രജനി തോട്ടുങ്ങൽ, വാടിയിൽ നവാസ്, ടി കെ ഷമീന, കെ രാജീവ്‌, ഡിടിപിസി സെക്രട്ടറി ടി നിഖിൽദാസ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ജില്ലാ വികസന കമ്മീഷണർ എം എസ് മാധവിക്കുട്ടി സ്വാഗതവും ടൂറിസം വകുപ്പ് ജോയിന്റ് ഡയറക്ടർ ടി ജി അഭിലാഷ് നന്ദിയും പറഞ്ഞു.

Tags