ഇതര മതക്കാരെ ക്ഷേത്രോത്സവത്തിന് വിലക്ക് : മല്ലിയോട്ട് പാലോട്ട് കാവ് തീരുമാനം അപരിഷ്കൃതമെന്ന് ഡിവൈഎഫ്ഐ
malliyottu kavu board

പയ്യന്നൂർ: ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവർക്ക് പ്രവേശനമില്ലെന്ന ബോർഡ് സ്ഥാപിച്ച കുഞ്ഞിമംഗലം മല്ലിയോട്ട് പാലോട്ട് കാവ് ഭാരവാഹികളുടെ നടപടി അങ്ങേയറ്റം അപലപനീയമാണെന്ന് ഡി.വൈ.എഫ്.ഐ മാടായി ബ്ലോക്ക്കമ്മിറ്റി   അഭിപ്രായപ്പെട്ടു.

മാനവ സാഹോദര്യത്തിന്റെയും സാംസ്കാരിക പ്രബുദ്ധതയുടെയും കേന്ദ്രമായ കുഞ്ഞിമംഗലത്ത് ഇത്തരം ബോർഡ് സ്ഥാപിക്കുന്നത് മത നിരപേക്ഷ സമൂഹത്തോടുള്ള  വെല്ലുവിളിയാണ്. നവോത്ഥാന -പുരോഗമന പ്രസ്ഥാനങ്ങളുടെ ഇടപെടലിലൂടെ ഇല്ലാതാക്കിയ ജാതി-മത ചിന്തയെ വീണ്ടും എഴുന്നള്ളിക്കാനുള്ള ശ്രമത്തെ എതിർത്തു തോൽപിക്കേണ്ടതുണ്ട്. വിശ്വാസത്തെയും കൂട്ടുപിടിച്ച് അപരിഷ്കൃതമായ ദുരാചാരത്തെ തിരിച്ചു കൊണ്ടുവരുന്നത് നാടിന്റെ നന്മയോടുള്ള ഭീഷണിയാണ്. 

കഴിഞ്ഞ വർഷവും ക്ഷേത്ര അധികൃതർ ഇത്തരത്തിൽ ബോർഡ് സ്ഥാപിച്ചിരുന്നു ഇതിനെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടും അതിൽ നിന്ന് പിൻതിരിയാൻ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. നാടിന്റെ സൗഹൃദാന്തരീക്ഷം തകർത്ത് വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തെ ജനങ്ങളെ അണിനിരത്തി പ്രതിരോധിക്കും ജനാധിപത്യത്തെ വെല്ലുവിളിക്കുന്ന ഇത്തരം പ്രവണതകൾക്കെതിരെ സമൂഹം ഉയർന്ന് പ്രവർത്തികകണമെന്നും ഇതിനെതിരെ മുഴുവൻ മതനിരപേക്ഷ വാദികളും രംഗത്ത് വരണമെന്നും ഡി.വൈ എഫ്.ഐ മാടായി ബ്ലോക്ക്‌ കമ്മിറ്റി അഭ്യർത്ഥിച്ചു.

Share this story