വധ ഗൂഢാലോചന കേസ് : എന്റെ വിശ്വാസ്യത തിരിച്ചു കിട്ടിയിരിക്കുന്നുവെന്ന് ബാലചന്ദ്രകുമാര്‍
പ്രതി പ്രബലനാണ്, ദു:ഖമോ സന്തോഷമോ ഇല്ല: ബാലചന്ദ്രകുമാര്‍

കൊച്ചി: വധഗൂഢാലോചനാ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ പ്രതികരണവുമായി സംവിധായകന്‍ ബാലചന്ദ്രകുമാര്‍. ശക്‌തമായ തെളിവുകളുടെ അടിസ്‌ഥാനത്തിലാണ് കോടതി ഹരജി തള്ളിയതെന്ന് ബാലചന്ദ്രകുമാര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

“എന്റെ വിശ്വാസ്യതയെ മോശമാക്കുന്ന തരത്തില്‍ എതിര്‍കക്ഷിയുടെ ഭാഗത്ത് നിന്ന് ധാരാളം നീക്കങ്ങളുണ്ടായി. എന്നെ എങ്ങിനെ കോടതി വിശ്വസിക്കുമെന്ന് സംശയമുണ്ടായിരുന്നു. എന്നാല്‍ എനിക്കിപ്പോള്‍ ബോധ്യമായി. എനിക്ക് ഇപ്പോള്‍ എന്റെ വിശ്വാസ്യത തിരിച്ച് കിട്ടിയിരിക്കുന്നു,”- ബാലചന്ദ്രകുമാർ പറഞ്ഞു.

കേസിൽ എഫ്‌ഐആർ റദ്ദാക്കണമെന്ന ദിലീപിന്റെ ഹരജി കോടതി ഇന്ന് തള്ളുകയായിരുന്നു. കേസ് വ്യാജമാണെന്നും ഒരു വീട്ടിലിരുന്ന് സംസാരിച്ചാൽ അത് ഗൂഢാലോചന ആകില്ലെന്നും തന്നെ വേട്ടയാടാൻ വേണ്ടി കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് ദിലീപ് ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, കേസിന്റെ മെറിറ്റിലേക്ക് കടക്കാൻ വിസമ്മതിച്ച കോടതി എഫ്‌ഐആർ റദ്ദാക്കില്ലെന്നും വ്യക്‌തമാക്കി.

‘റദ്ദാക്കുന്നു’ എന്ന ഒറ്റവാക്കിലായിരുന്നു ഹൈക്കോടതി വിധി. ദിലീപും സഹോദരൻ അനൂപും അടക്കം ആറ് പേരാണ് കേസിലെ പ്രതികൾ. അന്വേഷണ ഉദ്യോഗസ്‌ഥരെ അപായപ്പെടുത്താൻ ദിലീപും കൂട്ടരും പത്‌മസരോവരം എന്ന വീട്ടിലിരുന്ന് ഗൂഢാലോചന നടത്തിയെന്ന കേസിനെ കേന്ദ്രീകരിച്ചാണ് നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണവും നടക്കുന്നത്. സംവിധായകൻ ബാലചന്ദ്ര കുമാറാണ് ഇത്തരത്തിൽ ഗൂഢാലോചന നടന്ന കാര്യം വെളിപ്പെടുത്തിയത്.

ഗൂഢാലോചന കേസിന്റെ പുരോഗതി നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിലും പ്രധാനമാണ്. കേസ് റദ്ദാക്കുന്നില്ലെങ്കിൽ അന്വേഷണം സിബിഐക്ക് വിടണമെന്ന ആവശ്യവും ദിലീപ് ഉണ്ടയിച്ചിട്ടുണ്ട്. ഇതെല്ലാം കോടതി തള്ളിക്കളയുകയാണ് ഉണ്ടായത്.

Share this story