തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് ; സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനൊരുങ്ങി ബി.ജെ.പി
BJP

കൊച്ചി : ത്യക്കാക്കരയിലെ ബി.ജെ.പി സ്ഥാനാര്‍ഥിയെ ഇന്ന് പ്രഖ്യാപിച്ചേക്കും. എ.എന്‍. രാധാകൃഷ്ണന്‍, എസ്. ജയകൃഷ്ണന്‍, ടി.പി.സിന്ധുമോള്‍ എന്നിവരാണ് പരിഗണനയിലുള്ളത്. ട്വന്‍റി- ട്വന്‍റിയുടെ പിന്തുണയോടെ മത്സരിക്കുന്ന ആം ആദ്മിയും സ്ഥാനാര്‍ഥിയെ ഉടന്‍ പ്രഖ്യാപിക്കും.

തൃക്കാക്കരയില്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച്‌ യു.ഡി.എഫ് പ്രചാരണം തുടങ്ങിയ സാഹചര്യത്തില്‍ അതിവേഗം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ബി.ജെ.പിയുടെ ശ്രമം. മണ്ഡലത്തിന്റെ ചുമതലയുള്ള സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ് കുര്യന്‍, സംസ്ഥാന സെക്രട്ടറി എസ്. സുരേഷ് എന്നിവരടങ്ങുന്ന സമിതി ഒരു മാസം നീണ്ട ചര്‍ച്ചയ്ക്ക് ശേഷമാണ് നാല് പേരുടെ സാധ്യത ലിസ്റ്റ് തയ്യാറാക്കിയത്. ഇതില്‍ എ.എന്‍ രാധാകൃഷ്ണന് തന്നെയാണ് മുന്‍തൂക്കം.

വനിതാ സ്ഥാനാര്‍ഥി വേണമെന്ന ആവശ്യം ഉയര്‍ന്നാല്‍ ടി.പി. സിന്ധുമോള്‍ക്ക് നറുക്ക് വീഴും. ജില്ലാ പ്രസിഡന്‍റ് എസ്. ജയകൃഷ്ണന്‍റെ പേരും സജീവമായി തന്നെ പരിഗണിക്കുന്നു. ബി.ജെ.പി ദേശീയ അധ്യക്ഷന്‍ കോഴിക്കോട് എത്തുന്നതിന് മുന്‍പ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാനാണ് ശ്രമം.

ട്വന്‍റി- ട്വന്‍റി പിന്തുണയ്ക്കുമെന്നറിയിച്ചതോടെ ആം ആദ്മിയുടെ സ്ഥാനാര്‍ഥി ആരാകുമെന്നതും ആകാംക്ഷയാണ്. ട്വന്‍റി- ട്വന്‍റിയുടെ വെല്‍ഫയര്‍ പൊളിറ്റിക്സുമായാണ് സഹകരിക്കുന്നതെന്ന് ആം ആദ്മി നേതാവ് പത്മനാഭ ഭാസ്കര്‍ വ്യക്തമാക്കിയിരുന്നു. പി.സി സിറിയക്കിന്‍റേതടക്കമുള്ള പേരുകള്‍ ഉയര്‍ന്ന് കേള്‍ക്കുന്നുണ്ടെങ്കിലും സ്ഥാനാര്‍ഥിയാകാനില്ലെന്ന നിലപാടിലാണ് സിറിയക്. വീറും വാശിയും നിറഞ്ഞ പോരാട്ടത്തില്‍ ബി.ജെ.പിയും, ആം ആദ്മിയും പിടിക്കുന്ന വോട്ടുകളാവും ജയപരാജയം നിര്‍ണയിക്കുക.

Share this story