ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ സംസ്ഥാനത്ത് സിപിഎം ബോധപൂർവ്വ ശ്രമം നടത്തുന്നു : എംടി രമേശ്

google news
ramesh

കണ്ണൂർ: ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട് വിവാദമുണ്ടാക്കാൻ സംസ്ഥാനത്ത് സിപിഎം ബോധപൂർവ്വ ശ്രമം നടത്തുന്നുവെന്ന് ബിജെപി നേതാവ് എംടി രമേശ്. രാജ്യത്തെ അപകീർത്തി പെടുത്താനുള്ള ശ്രമമാണ് ഡോക്യുമെന്ററിയെന്നും അദ്ദേഹം വിമർശിച്ചു. കണ്ണൂരിൽ മാധ്യമപ്രവർത്തകരെ കാണുകയായിരുന്നു അദ്ദേഹം. 

രാജ്യത്തോടുള്ള വെല്ലുവിളിയാണ് ഡിവൈഎഫ്ഐയുടെയും എസ്എഫ്ഐയുടെയും ഈ വിഷയത്തിലെ നിലപാടെന്ന് എംടി രമേശ് കുറ്റപ്പെടുത്തി. ഡോക്യുമെന്ററി പ്രദർശിപ്പിക്കുമെന്നത് സംഘർഷമുണ്ടാക്കാനും കലാപമുണ്ടാക്കാനുമുള്ള ശ്രമമാണ്. ജുഡീഷ്യൽ സംവിധാനത്തേയും രാഷ്ട്രത്തിന്റെ പരമാധികാരത്തെയും അവർ വെല്ലുവിളിക്കുകയാണ്. ഡിവൈഎഫ്ഐക്ക് കൊടിയിൽ മാത്രമല്ല വെള്ളനിറമുള്ളത്. അവർക്ക് വെള്ളക്കാരന്റെ മനസുമാണ്. വിഷയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണം. സുപ്രീം കോടതി തള്ളിയ കേസാണ്. ഇതിന് സംസ്ഥാനത്തെ മുഖ്യമന്ത്രി പിന്തുണ നൽകുകയാണോ? സംഘർഷമുണ്ടായാൽ ഉത്തരവാദിത്തം മുഖ്യമന്ത്രിക്കായിരിക്കുമെന്നും എംടി രമേശ് പറഞ്ഞു.

Tags