മദ്യത്തില്‍ മയക്കുമരുന്ന് കലര്‍ത്തി അബോധാവസ്ഥയിലാക്കി ഡോക്ടറില്‍നിന്നും തട്ടിയെടുത്തത് 20 ലക്ഷത്തോളം രൂപ ഓട്ടോറിക്ഷ ഡ്രൈവര്‍ പിടിയില്‍

arrest

തൃശൂര്‍: തൃശൂര്‍ സ്വദേശിയായ ഡോക്ടര്‍ക്ക് മദ്യത്തില്‍ മയക്കുമരുന്ന് നല്‍കി അബോധാവസ്ഥയിലാക്കി 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തയാള്‍ ഈസ്റ്റ് പോലീസിന്റെ  പിടിയില്‍. ഇടുക്കി തടിയംപാടം മാടോലി വീട്ടില്‍ നിഷാദ് ജബ്ബാറിനെയാണ് (34) ഈസ്റ്റ് സി.ഐ. പി. ലാല്‍കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സംഭവം ഇങ്ങനെ. 

തൃശൂരിലെ ഒരു പ്രമുഖ ഡോക്ടര്‍ ഒരു ദിവസം രാത്രി തൃശൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ പരിസരത്ത് പാര്‍ക്ക് ചെയ്തിരുന്ന ഓട്ടോറിക്ഷയില്‍ കയറി സ്വന്തം വീട്ടില്‍ വന്നിറങ്ങുന്നു. ഈ യാത്രയില്‍ ഡോക്ടറുമായി ഓട്ടോറിക്ഷ ഡ്രൈവര്‍ പരിചയം സ്ഥാപിച്ച്, തനിക്ക് കാര്‍ ഓടിക്കാന്‍ അറിയാമെന്നും എന്ത് ആവശ്യമുണ്ടെങ്കിലും തന്നെ വിളിച്ചുകൊള്ളുവാനും താന്‍ സഹായത്തിന് എത്താമെന്നും പറഞ്ഞ് ഫോണ്‍ നമ്പര്‍ നല്‍കുന്നു. ഇതിനുശേഷം ഡോക്ടര്‍ പല ആവശ്യങ്ങള്‍ക്കും ഇയാളെ വിളിച്ച് സ്വന്തം കാറില്‍ പല സ്ഥലങ്ങളിലും പോകാറുണ്ടായിരുന്നു. 

ഡോക്ടറുടെ വിശ്വാസം പിടിച്ചുപറ്റിയതിനെ തുടര്‍ന്ന് ദീര്‍ഘദൂരയാത്രകള്‍ക്കും ഡോക്ടര്‍ ഇയാളെ കൂടെ കൂട്ടുക പതിവായിരുന്നു. ഡോക്ടറുടെ സന്തത സഹചാരി എന്ന നിലയില്‍ ഡോക്ടറോടൊപ്പമുള്ള സമയങ്ങളില്‍, ഇയാള്‍ ഡോക്ടറെ നിരീക്ഷിക്കുകയും ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, മൊബൈല്‍ ഫോണ്‍ ബാങ്കിങ്ങ് പിന്‍ നമ്പര്‍, ഒ.ടി.പി. എന്നിവ കൈക്കലാക്കിയിരുന്നു. ഡോക്ടര്‍ വല്ലപ്പോഴും മദ്യപിക്കുന്ന സ്വഭാവമുള്ളയാളാണെന്ന് മനസിലാക്കിയ ഇയാള്‍, യാത്രകള്‍ക്കിടയില്‍ എവിടെയോവച്ച്, ഡോക്ടര്‍ക്ക് മദ്യത്തില്‍, മാരകമായ എന്തോ ലഹരി വസ്തു നല്‍കുകയും, ഡോക്ടര്‍ അബോധാവസ്ഥയിലായ സമയം, ഡോക്ടറുടെ മൊബൈല്‍ ഫോണ്‍ ഇയാള്‍ കൈവശപ്പെടുത്തി, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് വഴി, പലതവണകളായി 20 ലക്ഷത്തോളം രൂപ ഇയാളുടെ അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്യുകയായിരുന്നു. കഴിഞ്ഞ സെപ്റ്റംബര്‍ മാസത്തിലാണ് പണം നഷ്ടപ്പെട്ടത്. തുടര്‍ന്ന്, തൃശൂര്‍ ടൗണ്‍ ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ കൊടുത്ത പരാതിയില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. തനിക്കെതിരേ കേസ് റജിസ്റ്റര്‍ ചെയ്തതറിഞ്ഞ് പ്രതി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൂവാറ്റുപുഴയില്‍നിന്നുമാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ക്കെതിരേ 
കുന്നംകുളം, ഗുരുവായൂര്‍ പോലീസ് സ്‌റ്റേഷനുകളില്‍ തട്ടിപ്പുകേസുകള്‍ നിലവിലുണ്ട്. തൃശൂര്‍ നഗരത്തിലെ ലോഡ്ജില്‍ താമസിച്ച്, ദിവസ വാടക അടിസ്ഥാനത്തില്‍ ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു ഇയാള്‍. ഇയാള്‍ക്ക്എന്‍.ഇ.എഫ്.ടി, ഐ.എം.പി.എസ്, ഇന്‍സ്റ്റന്റ് മണി ട്രാന്‍സ്ഫര്‍, ഇന്റര്‍നെറ്റ് ബാങ്കിങ്ങ് 
തുടങ്ങിയ ഇടപാടുകളില്‍ നല്ല പരിജ്ഞാനമുണ്ട്. തട്ടിയെടുത്ത പണം മുഴുവനും ആഡംബര ജീവിതത്തിനും ഓണ്‍ലൈന്‍ റമ്മി കളിക്കുവാനും ഉപയോഗിച്ചതായാണ് പ്രതി പോലീസിനോട് പറഞ്ഞിട്ടുള്ളത്. എസ്.ഐ. എസ്. ഗീതുമോള്‍, എ.എസ്.ഐ. ഇ.വി. വില്ലിമോന്‍, സി.പി.ഒമാരായ പി. ഹരീഷ് കുമാര്‍, വി.ബി. ദീപക്, സൈബര്‍ സെല്‍ സി.പി.ഒ. കെ.ജി. മിഥുന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Share this story