മുഴുവന്‍ ഗോത്രവര്‍ഗക്കാര്‍ക്കും ആധികാരിക രേഖകള്‍ ; ചരിത്രനേട്ടത്തില്‍ വയനാട്

uyttgdh

വയനാട് : മുഴുവന്‍ പട്ടികവര്‍ഗ്ഗക്കാര്‍ക്കും ആറ് ആധികാരിക രേഖകള്‍ ഉറപ്പാക്കിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി വയനാട്. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ജില്ലയിലെ 23 ഗ്രാമപഞ്ചായത്തുകളിലും 3 നഗരസഭകളിലും നടത്തിയ അക്ഷയ ബിഗ് ക്യാമ്പയിന്‍ ഫോര്‍ ഡോക്യൂമെന്റ് ഡിജിറ്റലൈഷേന്‍ (എ.ബി.സി.ഡി) പദ്ധതി വഴിയാണ് ജില്ല ചരിത്രനേട്ടം കൈവരിച്ചത്. റേഷന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡ്, ജനന സര്‍ട്ടിഫിക്കറ്റ്, ബാങ്ക് അക്കൗണ്ട്, ആരോഗ്യ ഇന്‍ഷൂറന്‍സ് എന്നിങ്ങനെ ആറ് പ്രധാന രേഖകളാണ് ഗുണഭോക്താക്കള്‍ക്ക് ക്യാമ്പുകളിലൂടെ ലഭ്യമായത്. പരമാവധി രേഖകൾ ഡിജിറ്റലൈസ് ചെയ്ത്  ഡിജി ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്തു.

ജില്ലാ ഭരണഭൂടം, പട്ടികവര്‍ഗ വികസന വകുപ്പ്, ഐ.ടി വകുപ്പ് എന്നിവയുടെ സംയുക്ത പദ്ധതിയായണ് പട്ടികവര്‍ഗ്ഗക്കാര്‍ക്ക് ആധികാരിക രേഖകള്‍  ഉറപ്പുവരുത്തുകയും തിരുത്തലുകള്‍ ആവശ്യമായവയില്‍ തിരുത്ത് വരുത്തി രേഖകള്‍ ഡിജിറ്റല്‍ ലോക്കറില്‍ സൂക്ഷിക്കുകയും ചെയ്യുന്ന സമഗ്ര ക്യാമ്പയിന്‍ ആവിഷ്‌കരിച്ച് നടപ്പാക്കിയത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പൂര്‍ണ സഹകരണത്തോടെയുള്ള പദ്ധതി ഇന്ത്യയില്‍ തന്നെ ഇത്തരത്തിലുള്ള ആദ്യത്തെ പദ്ധതിയാണ്. ജില്ലയിലെ 26 തദ്ദേശ സ്ഥാപനങ്ങളിലും നടന്ന ക്യാമ്പുകളിലൂടെ 1,42,563 സേവനങ്ങളാണ് പട്ടിക വര്‍ഗ്ഗ കുടുംബങ്ങള്‍ക്ക് ലഭ്യമായത്. ആകെ 64,670 പേര്‍ ഗുണഭോക്താക്കളായി.

റവന്യൂ, തദ്ദേശ സ്വയം ഭരണം, പട്ടികവര്‍ഗ്ഗ വികസനം, ആരോഗ്യം, സിവില്‍ സപ്ലൈസ്, ഇലക്ഷന്‍, ഐ.ടി മിഷന്‍, അക്ഷയ കേന്ദ്രം, ലീഡ് ബാങ്ക്, പോസ്റ്റല്‍ വകുപ്പ്, കാരുണ്യ. കെ.എസ്.ഇ.ബി, ബി.എസ്.എന്‍.എല്‍, പി.ഡബ്ലിയുഡി ഇലക്ട്രോണിക്‌സ്, നെഹ്‌റു യുവകേന്ദ്ര തുടങ്ങിയവയുടെ സഹകരണത്തോടെയാണ് ഒരോ തദ്ദേശ സ്ഥാപന പരിധിയിലും പട്ടിക വര്‍ഗ്ഗക്കാര്‍ക്കായി ക്യാമ്പുകള്‍ നടത്തിയത്.ജനപ്രതിനിധികള്‍ വഴിയും പട്ടികവര്‍ഗ്ഗ പ്രൊമോട്ടര്‍, സാമൂഹിക സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെയെല്ലാം  സഹകരണത്തോടെയാണ് ആദിവാസി കോളനികള്‍ തോറും കയറി രേഖകള്‍ ഇല്ലാത്തവരെ കണ്ടെത്തി ക്യാമ്പിലെത്തിച്ചത്. രേഖകള്‍ ലഭ്യമാക്കുന്നതിന് ഓരോ വകുപ്പുകളും പ്രത്യേകം കൗണ്ടറുകള്‍ സജ്ജമാക്കിയിരുന്നു. അക്ഷയകേന്ദ്രങ്ങള്‍ ഗോത്ര സൗഹൃദ കണ്ടറുകളും ഒരുക്കി.

സംസ്ഥാന തലത്തില്‍ മാതൃകയായ പദ്ധതിയുടെ നിര്‍വ്വഹണത്തില്‍ ജില്ലാ കളക്ടര്‍ എ.ഗീത, നോഡല്‍ ഓഫീസറും സബ്കളക്ടറുമായ ആര്‍.ശ്രീലക്ഷ്മി എന്നിവര്‍ ക്യാമ്പുകളില്‍ നേരിട്ടെത്തി യഥാസമയം സ്ഥിതിഗതികള്‍ വിലയിരുത്തി. അഡീഷണല്‍ ക്യാമ്പുകളില്‍ ഡെപ്യൂട്ടി കളക്ടര്‍മാരായ കെ. അജീഷ്, കെ. ദേവകി എന്നിവര്‍ മേല്‍നോട്ടം വഹിച്ചു. പട്ടികവര്‍ഗ വികസന വകുപ്പ് മന്ത്രി, റവന്യൂ വകുപ്പ് മന്ത്രി, ജില്ലയിലെ എം.എല്‍.എമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, തദ്ദേശ സ്ഥാപനങ്ങളുടെ അധ്യക്ഷര്‍ ഉള്‍പ്പെടെ മുഴുവന്‍ ജനപ്രതിനിധികളും ക്യാമ്പുകളുടെ വിജയത്തില്‍ നേതൃപരമായ പങ്കുവഹിച്ചു. ജില്ലാ ഭരണകൂടത്തിന്റെ നേരിട്ടുളള മേല്‍നോട്ടവും ആസൂത്രണ സമിതിയുടെ അംഗീകാരത്തോടെ തദ്ദേശ സ്ഥാപനങ്ങള്‍ പദ്ധതിക്ക് തുക വകയിരുത്തിയതും ക്യാമ്പുകളുടെ വിജയകരമായ നടത്തിപ്പിന് സഹായകരമായി.  

Share this story