ആറ്റിങ്ങല്‍ ഇരട്ടക്കൊലപാതകം; ശിക്ഷ മരവിപ്പിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് അനുശാന്തിയുടെ ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

anu shanti

ശിക്ഷാവിധി മരവിപ്പിച്ച് ജാമ്യം നല്‍കണമെന്ന് ആവശ്യപ്പെട്ട് ആറ്റിങ്ങള്‍ ഇരട്ടക്കൊലപാതക കേസിലെ പ്രതി അനുശാന്തി നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് കോടതി നേരത്തെ നോട്ടീസ് അയച്ചിരുന്നു.  ശിക്ഷ റദ്ദാക്കണമെന്ന അനുശാന്തിയുടെ അപേക്ഷ നിലവില്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇതില്‍ വിധി വരും വരെ ശിക്ഷാ വിധി മരവിപ്പിക്കണമെന്നാണ് ആവശ്യം. കൊലപാതകത്തില്‍ തനിക്ക് പങ്കില്ലെന്നും ആരോഗ്യ പ്രശ്‌നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി. ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി നേരത്തെ സുപ്രീം കോടതി അനുശാന്തിക്ക് പരോള്‍ അനുവദിച്ചിരുന്നു.

2014 ഏപ്രിലില്‍ സ്വന്തം കുഞ്ഞിനെയും, അമ്മായിഅമ്മയേയും കാമുകനുമായി ചേര്‍ന്ന് കൊലപ്പെടുത്തിയ ആറ്റിങ്ങല്‍ ഇരട്ടക്കൊലക്കേസ് പ്രതിയാണ് അനു ശാന്തി. നേത്രരോഗത്തിന് ചികിത്സ തേടാനായി ഇവര്‍ക്ക് സുപ്രീംകോടതി  രണ്ട് മാസത്തെ പരോള്‍ പരോള്‍ അനുവദിച്ചിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ എതിര്‍പ്പ് അവഗണിച്ചായിരുന്നു അനുശാന്തിക്ക് പരോള്‍ അനുവദിച്ചത്. ചികിത്സയ്ക്ക് ശേഷം തിരിച്ചെത്തിയ  അനുശാന്തി നിലവില്‍ ജയിലില്‍ തുടരുകയാണ്.

കാഴ്ച നഷ്ടപ്പെടുന്ന മയോപ്യ എന്ന രോഗാവസ്ഥയാണ് അനുശാന്തിക്കെന്നും ഒരു കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടുവെന്നും ചികിത്സ കിട്ടിയില്ലെങ്കില്‍ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയും നഷ്ടമാകുമെന്നും അനുശാന്തിയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. 

Share this story