നഗരസഭാ കായിക പരിശീലന ക്യാമ്പ് വിവാദം പോസറ്റീവായെന്ന് മേയർ ആര്യ രാജേന്ദ്രൻ
mayor arya

തിരുവനന്തപുരം: നഗരസഭയുടെ കായിക പരിശീലന ക്യാമ്പുമായി ബന്ധപ്പെട്ട വിവാദം പദ്ധതിക്ക് പോസറ്റീവായി മാറിയെന്ന് മേയർ ആര്യ രാജേന്ദ്രൻ. ഇതുവരെ പലരും അറിയാതെ പോയ ക്യാമ്പിനെ കുറിച്ച്  കൂടുതൽ ആളുകൾ അറിഞ്ഞെന്നും അതുവഴി കൂടുതൽ കുട്ടികൾക്ക് അവസരം ലഭിക്കുമെന്നുമാണ് മേയറുടെ പുതിയ ഫേസ്ബുക്ക് കുറിപ്പ്. കൂടുതൽ പേർ താൽപ്പര്യം പറയുന്ന സാഹചര്യത്തിൽ ഓഗസ്റ്റ് 13, 14 തിയതികളിൽ ഒരു ക്യാമ്പ് കൂടി നഗരസഭ നടത്തുമെന്നും അവർ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

ജാതിയുടെ അടിസ്ഥാനത്തിൽ പ്രത്യേക ടീമുകൾ ഉണ്ടാക്കുമെന്ന പ്രഖ്യാപന വിവാദത്തെ തുടർന്ന് തീരുമാനം പിൻവലിച്ചിരുന്നു. ആദ്യം വിശദീകരണവുമായി എത്തി പിന്നീട് ഈ തീരുമാനം മാറ്റുകയായിരുന്നു നഗരസഭ.  ടീം തെരഞ്ഞെടുപ്പിൽ ജനറൽ വിഭാഗം ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും, എസ് /എസ്ടി വിഭാഗത്തിലെ ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും ഓരോ ടീമും ആണ് ഓരോ കായിക ഇനത്തിലും ഉണ്ടാവുകയെന്ന് മേയറുടെ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു. തുടർന്ന് കടുത്ത വിമർശനം നേരിട്ടു. തുടർന്നാണ് മേയർ വിശദീകരണം നൽകിയത്.  

നഗരസഭ ജനകീയസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി വർഷങ്ങളായി കളരി (ജനറൽ) കളരി (എസ് സി) എന്ന പേരിൽ ഫുട്ബോൾ, വോളിബോൾ, ബാസ്ക്കറ്റ് ബോൾ, അത്‌ലറ്റിക്സ് എന്നീയിനങ്ങളിൽ കായിക പരിശീലനം നടപ്പാക്കുന്നുണ്ട്. സർക്കാർ, എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്നതും കായിക അഭിരുചി ഉള്ളതുമായ വിദ്യാർത്ഥി വിദ്യാർത്ഥിനികളെ ട്രയൽസ് നടത്തിയാണ് പരിശീലനത്തിനായി തെരഞ്ഞെടുക്കുന്നത്.  ജനറൽ ഫണ്ടും എസ് സി ഫണ്ട് ഉപയോഗിച്ചാണ് പദ്ധതികൾ നടപ്പാക്കുന്നത്.

Share this story