ആറൻമുളയിൽ തർക്കത്തിനിടെ കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാൾ മരിച്ചു
death


 
പത്തനംതിട്ട : തർക്കത്തിനിടെ കമ്പിവടി കൊണ്ട് അടിയേറ്റ് ഒരാൾ മരിച്ചു. ഇടയാറൻമുള കണ്ടൻ ചാത്തൻ കുളഞ്ഞിയിൽ സജി (46) ആണ് മരിച്ചത്. ആറൻമുള പഞ്ചായത്തിലെ കളരിക്കോട് വാർഡിൽ പരുത്തുപാറയിൽ ആണ് സംഭവം. മരിച്ച സജിയും സുഹൃത്ത് സന്തോഷും കൂടി തെരുവ് നായയെ ഓടിക്കാൻ കമ്പിവടിയുമായി പോകുമ്പോഴാണ് സംഭവം.

കമ്പിയുമായി എത്തിയ ഇവരോട്, വഴിയിൽ ഉണ്ടായിരുന്ന റോബിൻ എന്നയാൾ ‘മനുഷ്യനെ കൊല്ലാൻ ഇറങ്ങിയതാണോയെന്ന്’ ചോദിച്ചു. ഇതോടെയാണ് തർക്കം തുടങ്ങിയത്. തർക്കം പിന്നീട് അടിപിടിയിലും കൊലപാതകത്തിലും കലാശിക്കുകയായിരുന്നു. തർക്കത്തിനിടെ ഇവരുടെ കൈയിൽ ഉണ്ടായിരുന്ന കമ്പിവടി റോബിൻ ബലം പ്രയോഗിച്ചു പിടിച്ചുവാങ്ങുകയും സജിയുടെ തലയിൽ അടിക്കുകയും ആയിരുന്നു. തടയാൻ ശ്രമിച്ച സുഹൃത്ത് സന്തോഷിന്റെ കൈക്കും പരിക്കേറ്റു. ഇയാൾ ആശുപത്രിയിൽ ചികിൽസയിലാണ്.

ഗുരുതരമായി പരിക്കേറ്റ സജിയെ ആദ്യം കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സജി മരിച്ചത്. സംഭവത്തിൽ കളരിക്കോട് വടക്കേതിൽ റോബിനെതിരെ(26) പോലീസ് കേസെടുത്തിട്ടുണ്ട്. സജിയും സന്തോഷും കമ്പിവടിയുമായി പോയ സാഹചര്യം ഉൾപ്പടെ അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

Share this story